സാം പിത്രോഡയെ വീണ്ടും ഐ.ഒ.സി. ചെയർമാനായി നിയമിച്ചു

Anjana

സാം പിത്രോഡയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തീരുമാനത്തിലൂടെയാണ് മുതിർന്ന നേതാവിനെ തിരിച്ചെടുത്തത്. തുടർച്ചയായ വിവാദ പ്രസ്താവനകൾക്കു പിന്നാലെ സാം പിത്രോഡ പദവി ഒഴിഞ്ഞിരുന്നു. മേയ് എട്ടിനാണ് അദ്ദേഹം സ്ഥാനത്തുനിന്ന് രാജിവെച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെയും തെക്കുഭാഗത്തുള്ളവർ ആഫ്രിക്കക്കാരെയും പോലെയാണെന്നുമുള്ള പിത്രോഡയുടെ പരാമർശം വിവാദമായിരുന്നു. കൂടാതെ പിന്തുടർച്ചാസ്വത്ത് നികുതിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങളും വിവാദമായി. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു പിത്രോഡയുടെ പരാമർശം. തുടർന്ന് പരാമർശങ്ങൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു രാജി. പിത്രോഡയുടെ വിവാദ പരാമർശം കോൺ​ഗ്രസിനെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്. ഈ നിയമനം കോൺഗ്രസിന്റെ നയങ്ങളിലും തന്ത്രങ്ങളിലും ഒരു മാറ്റത്തിന്റെ സൂചനയായി കാണപ്പെടുന്നു.