ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രി നൽകേണ്ട മറുപടി സ്പീക്കർ നൽകിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. വിഷയം സബ്മിഷനായി പരിഗണിക്കാമെന്നാണ് സ്പീക്കർ പറഞ്ഞതെന്നും, അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന് മാത്രമാണ് വ്യക്തമാക്കിയതെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. ടി.പി കേസ് പ്രതികൾക്ക് മാത്രമായി ശിക്ഷായിളവ് നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനത്തിൽ യാതൊരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും സ്പീക്കറുടെ ഓഫീസ് പറഞ്ഞു. കെ.കെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചുകൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാമെന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here