കനത്ത മഴയിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം കുത്തിയൊഴികിയപ്പോൾ ഒരു കുലുക്കവുമില്ലാതെ പാറപ്പുറത്ത് ഉറച്ചുനിൽക്കുകയാണ് കുഞ്ഞൻ ഷെഡ്.
രണ്ടു പ്രളയങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിച്ച ഈ കുഞ്ഞൻ ഷെഡിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കാടിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ അഞ്ചുപേരടങ്ങുന്ന സംഘത്തിന്റെ പ്രയത്ന ഫലമാണ് ഈ ഷെഡ്.
വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സംഘം ആതിരപ്പള്ളി വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലാണ് ഈ കുഞ്ഞൻ ഷെഡ് നിർമ്മിച്ചത്.
ഷെഡിന്റെ നിർമ്മാണം പൂർത്തിയായിട്ട് പത്ത് വർഷത്തിലധികമായി.സിമന്റ്, കമ്പി, പൈപ്പുകൾ തുടങ്ങിയ വസ്തുക്കൾ ഒന്നും തന്നെ ഈ ഷെഡിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പ്രകൃതി ദത്തമായ വസ്തുക്കൾ മാത്രമാണ് ഷെഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.മുള, ഈറ്റ, തടിക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ചാണ് മേൽക്കൂരയും ബേസ്മെന്റും ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത്.
പാറകൾ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കാത്തതിനാൽ പാറപ്പുറത്തെ ഷെഡ് നിർമ്മാണം വളരെ ദുഷ്കരമായ കാര്യമാണ്.
ആയതിനാൽ പാറകൾക്കിടയിലെ വിടവുകൾ കണ്ടെത്തിയാണ് കുഞ്ഞൻ ഷെഡിന്റെ തൂണുകൾ ഉറപ്പിച്ചിട്ടുള്ളത്.
കാട്ടുമുളകളാണ് തൂണുകൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ഈ തൂണുകളുടെ ബലത്തിലാണ് ഷെഡ് ഇപ്പോഴും നിലനിൽക്കുന്നത്.
ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് മറ്റു ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മൂന്നുവർഷം കൂടുന്തോറും ഈറ്റയുടെ ഇലകൾ മാറ്റി വിരിക്കേണ്ടതുണ്ട്.
ഇത്തരത്തിൽ പത്തോളം ഷെഡുകൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ടെന്നും പി കെ സഹജൻ പറയുന്നു.
പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഷെഡ് ഞങ്ങൾ ഉറപ്പുനൽകുന്ന സംരക്ഷണത്തിന്റെ പ്രതീകം കൂടിയാണെന്ന് പ്രദേശത്തെ ഫോറസ്റ്റ് ഓഫീസറായ പി ആർ പ്രവീൺ വ്യക്തമാക്കുന്നു.
ലോകത്തിന്റെ പലയിടത്തുനിന്നും ആതിരപ്പള്ളിയുടെ സൗന്ദര്യം കേട്ടറിഞ്ഞ സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ട്.
കനത്തമഴയിൽ ഉറച്ചുനിൽക്കുകയും പ്രളയങ്ങളെ അതിജീവിക്കുകയും ചെയ്ത ഷെഡ്ഡ് തന്നെയാണ് ഇവിടുത്തെ പ്രധാന ശ്രദ്ധയാകർഷിക്കുന്നത്.
Story highlight : Athirappilly Waterfall shed become Viral in Social Media.