രാഷ്ട്രീയ രംഗത്ത് നിർണായക പ്രസ്താവനകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നും ശബരിമല വിഷയം പ്രധാന ചർച്ചാ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
മുഖ്യമന്ത്രിയും ബിജെപിയുമായുള്ള പാലമായിരുന്നത് നിതിൻ ഗഡ്കരിയാണെന്നും അമിത് ഷാ എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടുമെന്നും സതീശൻ ആരോപിച്ചു. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്നും അവരുടെ പിന്തുണ തേടി പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാഠപുസ്തക സിലബസ് വിഷയത്തിൽ മുസ്ലീം സംഘടനകൾ ജമാഅത്തിന് ഒപ്പം ഒരുമിച്ചിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു. എസ്ഡിപിഐയുടെ പിന്തുണ എൽഡിഎഫിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ എൽഡിഎഫിന് ന്യൂനപക്ഷ പ്രീണനമായിരുന്നുവെന്ന് സതീശൻ കുറ്റപ്പെടുത്തി. പൗരത്വ വിഷയത്തിൽ 800-ൽ അധികം കേസുകൾ എടുത്തിട്ട് നൂറിലധികം മാത്രമാണ് പിൻവലിച്ചത്. വെൽഫെയർ പാർട്ടി പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അവർ പിന്തുണ തന്നെന്നും അത് സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിന്റെ പിന്നാലെ നടന്ന് കിട്ടില്ല എന്ന് പറഞ്ഞപ്പോൾ വർഗീയ പാർട്ടിയായി മുദ്രകുത്തി.
മുഖ്യമന്ത്രിയുടെ വിശ്വസ്തർ ജയിലിലായിട്ടും നടപടിയെടുക്കാൻ ഭയമാണ്. പുതിയ നേതാക്കളുടെ പേര് പറയുമോ എന്ന് ഭയമുണ്ട്. എസ്ഐടിക്ക് മേൽ സമ്മർദ്ദമുണ്ട്. മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യേണ്ട സമയം കഴിഞ്ഞുവെന്നും സതീശൻ അഭിപ്രായപ്പെട്ടു. നേരത്തെ ജമാഅത്തുമായി ബന്ധമില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, അവർക്ക് നേരത്തെ ബന്ധമുണ്ടെന്നും ജമാഅത്തെ അമീറുമായുള്ള ചർച്ചയുടെ ഫോട്ടോ പത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ വിഷയത്തിൽ പരാതി പോലും വരാതെ സസ്പെൻഡ് ചെയ്തു. പരാതി വന്നപ്പോൾ പോലീസിന് കൈമാറി, എകെജി സെന്ററിലെ പോലെ ഒതുക്കിയില്ല. പരാതി വന്ന് 24 മണിക്കൂറിനകം പുറത്താക്കി. ലൈംഗികാരോപണമുള്ള നിരവധിപേർ മന്ത്രിസഭയിലുണ്ട്, അവരെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് പാർട്ടി സെക്രട്ടറിയായപ്പോൾ പരാതി കിട്ടിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. രാഹുൽ പുറത്തായതിനാൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട കാര്യം പറയാനാകില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കൊല്ലത്ത് ഹൈവേ തകർന്നു വീണ സംഭവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ സതീശൻ വിമർശനമുന്നയിച്ചു. സംസ്ഥാനത്ത് വ്യാപകമായി ഹൈവേ തകരുന്നു. റീലെടുക്കാൻ ഓടി നടന്നവർക്ക് ഉത്തരവാദിത്വമില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ 36 കുഞ്ഞുങ്ങൾ രക്ഷപ്പെട്ടതാണ്. ഇതിന് പിന്നിൽ അഴിമതിയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.
Story Highlights : V D Satheeshan against pinarayi and bjp



















