ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കോൺഗ്രസ് നേതൃത്വത്തെയും മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതങ്ങൾ ഉള്ള ഒരാളാണെന്നും അദ്ദേഹം ഒരു പൊതുപ്രവർത്തകന് ചേർന്ന പ്രവർത്തി അല്ല ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ തന്നെ രാഹുലിനെ പൊതുരംഗത്ത് നിന്ന് മാറ്റി നിർത്തണമായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലുള്ള ഒരു മഹത്തായ പാർട്ടി ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ മുന്നോട്ട് പോകുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ തന്നെ രാഹുലിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് സംരക്ഷണം നൽകി എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇങ്ങനെയുള്ളവരെ അകറ്റി നിർത്തേണ്ടത് അത്യാവശ്യമായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരാതി ലഭിച്ചിട്ടും രാഹുലിനെതിരെ പ്രതികരിക്കാത്ത കോൺഗ്രസ് നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. ഇത്രയധികം പരാതികൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് മാതൃകാപരമായ നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
രാഹുലുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ കോൺഗ്രസ് അനുയായികൾ ബഹളം വെക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ ചെയ്ത തെറ്റുകൾ ആരും പറയാൻ പാടില്ല എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് രാഹുലിന് വേണ്ടി കോൺഗ്രസ് സംരക്ഷണ വലയം തീർക്കുന്നത്? ജയിൽ കിടന്ന എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
പൊലീസ് അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിക്ക് സംരക്ഷണം നൽകുന്ന നടപടികളാണ് കോൺഗ്രസ് സ്വീകരിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുലിന് ചിലർ സംരക്ഷണം ഒരുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇനിയെങ്കിലും രാഹുലിന് സംരക്ഷണം നൽകുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പോലീസ് ഫലപ്രദമായി പ്രവർത്തിച്ച് പ്രതിയെ കണ്ടെത്തുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : Chief Minister against Rahul Mamkootathil
Story Highlights: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.



















