ന്യൂഡൽഹി: എയര് ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് സൂചന. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സ്പൈസ് ജെറ്റ് പ്രമോട്ടര് അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്ക്കാര് ടാറ്റാ സണ്സിനെ തിരഞ്ഞെടുത്തതായി ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്തു.
ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി അംഗീകാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.2007 മുതല് നഷ്ടത്തില് പ്രവര്ത്തിക്കുന്ന എയര് ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്.
എയര് ഇന്ത്യയുടെ പ്രവര്ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്ക്കാര് വഹിക്കുന്ന നഷ്ടമെന്നു മുന് വ്യോമയാന മന്ത്രി ഹര്ദീപ് സിങ് പുരി പറഞ്ഞിരുന്നു.
സർക്കാർ നിശ്ചയിച്ച റിസർവ് തുകയേക്കാൾ 3000 കോടി അധികമാണ് ടാറ്റ സമർപ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമർപ്പിച്ചതിനേക്കാൾ 5000 കോടി അധികമാണെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ. എന്നാൽ റിസർവ് തുക സംബന്ധിച്ച കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Story highlight : tata sons win bid for air india