കണ്ണൂർ◾: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരയെയും മാധ്യമങ്ങളെയും രാഹുൽ വെല്ലുവിളിച്ചെന്നും ഉണ്ണിത്താൻ ആരോപിച്ചു. കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ രാഹുൽ പിആർ ഏജൻസിയെ ഉപയോഗിച്ചെന്നും അദ്ദേഹത്തെ ആരും ന്യായീകരിക്കരുതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടിട്ടാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഹുലിന് വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്നെങ്കിലും സ്വയം അത് ഇല്ലാതാക്കി. നിയമം അതിന്റെ വഴിക്ക് പോകണമെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട് ആ ധാർമികമൂല്യങ്ങൾ മാനിക്കുന്ന ഒരാൾക്കും രാഹുൽ ചെയ്ത പ്രവർത്തി അംഗീകരിക്കാനാവില്ല.
പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിച്ചെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം ഉണ്ടാകാൻ പാടില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കന്മാർക്ക് ഉള്ളതിനേക്കാൾ വലിയ ജനകീയ സ്വാധീനം വരുത്തി തീർക്കാൻ രാഹുൽ ശ്രമിച്ചു. ഇതിനായി രാഹുൽ ഹീനമായ മാർഗങ്ങൾ ഉപയോഗിച്ച് പി ആർ വർക്ക് നടത്തിയെന്നും ഉണ്ണിത്താൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയെ വെല്ലുവിളിച്ചു. ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ തന്നെയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
Story Highlights : Rajmohan Unnithan talk against Rahul Mamkootathil MLA
Story Highlights: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.



















