ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തവർക്കും ഇനി യുപിഐ ഇടപാട് നടത്താം; എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
യുപിഐ ഇടപാടുകൾക്ക് പുതിയ സംവിധാനവുമായി ഭീം ആപ്പ്. ഇനി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താൻ കഴിയും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പിൽ യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ എങ്ങനെ പണം കൈകാര്യം ചെയ്യാമെന്ന് നോക്കാം.
ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ യുപിഐ ഇടപാടുകൾ നടത്താൻ മറ്റൊരാളെ ചുമതലപ്പെടുത്തുന്ന സംവിധാനമാണ് യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ. ഈ പുതിയ ഫീച്ചർ അനുസരിച്ച് മുൻകൂട്ടി നിശ്ചയിച്ച പ്രതിമാസ ചെലവ് പരിധിക്കുള്ളിൽ അവരുടെ അക്കൗണ്ടിൽ നിന്ന് യുപിഐ പേയ്മെന്റുകൾ നടത്താൻ മറ്റുള്ളവരെ അധികാരപ്പെടുത്താൻ സാധിക്കും. ചെറുകിട ബിസിനസ് ഉടമകൾക്ക് ജീവനക്കാർക്ക് ഇന്ധനം, ടോൾ പോലുള്ള പ്രവർത്തന ചെലവുകൾക്കായി പണം നൽകാൻ അധികാരപ്പെടുത്താം. പ്രതിമാസം 15,000 രൂപയാണ് ഇടപാട് പരിധി.
മാതാപിതാക്കൾക്ക് കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ചെലവുകൾക്കുമായി ചെറിയ തുക നൽകാൻ ഈ സംവിധാനം ഉപയോഗിക്കാം. ഈ ഫീച്ചറിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു. 5 വർഷം വരെ കാലാവധി ഇതിൽ നിശ്ചയിക്കാം.
യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം: ആദ്യമായി ഭീം പേയ്മെന്റ്സ് ആപ്പ് തുറന്ന് ഹോം സ്ക്രീനിലെ ‘യുപിഐ സർക്കിൾ’ വിഭാഗത്തിലേക്ക് പോകുക. അതിനു ശേഷം ‘സർക്കിളിലേക്ക് ക്ഷണിക്കുക’ (Invite to circle) എന്നതിൽ ക്ലിക്ക് ചെയ്ത് ദ്വിതീയ ഉപയോക്താവിന്റെ കോൺടാക്റ്റ് നമ്പർ നൽകുക. തുടർന്ന് അവരുടെ യുപിഐ ഐഡി നൽകുകയോ അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യുക.
തുടർന്ന് ‘പ്രതിമാസ പരിധി അംഗീകരിക്കുക’ (Approve a Monthly Limit – Full Delegation) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനു ശേഷം ദ്വിതീയ ഉപയോക്താവുമായുള്ള ബന്ധം (ഉദാഹരണത്തിന്, കുട്ടി, പങ്കാളി, ജീവനക്കാരൻ) തെരഞ്ഞെടുത്ത് ആധാർ അല്ലെങ്കിൽ ലഭ്യമായ മറ്റ് രേഖകൾ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കുക. പിന്നീട് പ്രതിമാസ ചെലവ് പരിധി (പരമാവധി 15,000 രൂപ)യും കാലാവധിയും (കുറഞ്ഞത് 1 മാസം, പരമാവധി 5 വർഷം) സജ്ജമാക്കുക.
ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് യുപിഐ പിൻ ഉപയോഗിച്ച് ഡെലിഗേഷൻ പൂർത്തിയാക്കുക. ദ്വിതീയ ഉപയോക്താവ് അഭ്യർത്ഥന സ്വീകരിച്ചുകഴിഞ്ഞാൽ ചെറിയ സമയത്തിനു ശേഷം ഇടപാടുകൾ നടത്താം.
Story Highlights: ഇനി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനവുമായി ഭീം ആപ്പ് .



















