യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിൻ്റെ വിമർശനം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് രംഗത്ത്. രാഹുലിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പാർട്ടി അടിയന്തരമായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് സജന ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ മാനത്തിന് വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. എത്ര കിട്ടിയാലും പഠിക്കില്ലെങ്കിൽ, ഇനി പഠിക്കാൻ പാർട്ടിയുണ്ടാകില്ലെന്നും സജന മുന്നറിയിപ്പ് നൽകുന്നു. സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വെക്കണമെന്നും സജന കുറിപ്പിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ അല്ല പ്രശ്നം, അദ്ദേഹത്തിൻ്റെ മനോനിലയാണ് ശരിയല്ലാത്തതെന്നും സജന പറയുന്നു. സി.പി.ഐ.എം സൈബർ സഖാക്കൾ “ഞരമ്പൻ” എന്ന് വിളിക്കുമ്പോൾ അതിനെ കോൺഗ്രസ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരുന്ന ഗതികേടുണ്ടാകരുത്. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിൻ്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ എന്നും സജന കൂട്ടിച്ചേർത്തു. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതിയെന്നും സജന ചോദിക്കുന്നു.
ഗർഭശ്ചിദ്രവും പീഡനങ്ങളും മാധ്യമങ്ങളിലൂടെയും അല്ലാതെയും എല്ലാവർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളിയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകുമെന്നും സജന ചോദിച്ചു. നീതി എന്നത് പീഡിപ്പിക്കുന്നവന് വേണ്ടിയുള്ളതല്ലെന്നും ഇരകൾക്ക് ഉള്ളതാണെന്നും സജന ഓർമ്മിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം രാജി വയ്പ്പിച്ചത് മാതൃകാപരമായ നടപടിയാണ്. മറ്റു കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ല. ഇനിയും രമേശ് പിഷാരടിമാരും രാഹുൽ ഈശ്വർമാരും വരും. അവരോട് മറ്റൊന്നും പറയാനില്ലെന്നും സജന പറയുന്നു.
തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ് ആയി പോകുന്നതുപോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. പോലീസ് ലാത്തിചാർജ്ജും ജയിൽവാസവും സമരങ്ങളുമൊക്കെയായി മുന്നോട്ട് പോകുമ്പോൾ റീൽസ് ആക്കി അത് പോസ്റ്റ് ചെയ്യാൻ പി.ആർ. സംവിധാനങ്ങളുമില്ലാത്ത പട്ടിണിപ്പാവങ്ങളായവരുമൊക്കെ ഈ പാർട്ടിയിലുണ്ട്. ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വെച്ചേ മതിയാവുകയുള്ളൂവെന്നും സജന കൂട്ടിച്ചേർത്തു.
Story Highlights : Sajana b sajan fb post Rahul Mamkoottathil



















