ആഡംബര എസ് യു വി കയേൻ ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പോർഷെ. വാഹനത്തിന് 1.76 കോടി രൂപയാണ് എക്സ് ഷോറൂം വില. പോർഷെ വിപണിയിൽ എത്തിച്ചിരിക്കുന്നത് കയേൻ ഇലക്ട്രിക്, കയേൻ ടർബോ ഇലക്ട്രിക് എന്നിങ്ങനെ രണ്ട് മോഡലുകളാണ്. കയേൻ ഐസിഇ മോഡലിനേക്കാൾ വളരെ വ്യത്യസ്തമായ ഡിസൈനിലാണ് കയേൻ ഇവി എത്തുന്നത്.
കയേൻ ഇലക്ട്രിക്കിന്റെ കാബിനിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പാസഞ്ചർ എന്റർടെയിൻമെന്റ് സ്ക്രീൻ എന്നിങ്ങനെ മൂന്ന് സ്ക്രീനുകളാണ് പ്രധാനമായും വരുന്നത്. രണ്ട് മോഡലുകൾക്കും മാട്രിക്സ് എൽഇഡി ഹെഡ് ലൈറ്റുകൾ നൽകിയിട്ടുണ്ട്. ആനിമേറ്റഡ് ഗ്രാഫിക്സുള്ള പിൻ എൽഇഡി ലൈറ്റ് സ്ട്രിപ്പുകളും എയ്റോ വീലുകളും ഇതിന്റെ പ്രത്യേകതയാണ്. 113kWh ബാറ്ററി പായ്ക്കും സ്റ്റാൻഡേർഡായി ഡ്യുവൽ-മോട്ടോർ AWD സജ്ജീകരണവും പുതിയ പോർഷെ കയെൻ ഇലക്ട്രിക്കിനുണ്ട്.
കയേൻ ടർബോ ഇലക്ട്രിക് മോഡലുകൾ അതിന്റെ ICE പതിപ്പുകൾക്കൊപ്പം ആഗോള വിപണിയിൽ വിൽപനയ്ക്കെത്തിയിരുന്നു. വോൾക്കാനിക് ഗ്രേ മെറ്റാലിക് നിറത്തിലാണ് (സ്റ്റാൻഡേർഡ്) ഇത് പുറത്തിറങ്ങുന്നത്. ടർബോ മോഡലുകൾ ഹൈ-ഗ്ലോസ് ബ്ലാക്ക് ഷേഡിലാണ് ലഭ്യമാകുന്നത്. കൂടാതെ സൈഡ് സ്കർട്ടുകൾക്കുള്ള 3D ഡിസൈനും ടർബോണൈറ്റ് നിറമുള്ള കോൺട്രാസ്റ്റിംഗ് ഘടകങ്ങളും ഇതിൽ എടുത്തുപറയേണ്ടതാണ്.
കമ്പനി പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും കരുത്തുറ്റ വാഹനം എന്ന വിശേഷണവും കയേൻ ടർബോ ഇലക്ട്രിക് സ്വന്തമാക്കിയിട്ടുണ്ട്. കയേൻ ഇലക്ട്രിക് 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 260 കിലോമീറ്ററാണ് പരമാവധി വേഗത.
കയേൻ ഇലക്ട്രിക്കിന് 642 കിലോമീറ്റർ റേഞ്ചും കയേൻ ടർബോ ഇലക്ട്രിക്കിന് 623 കിലോമീറ്റർ റേഞ്ചുമാണുള്ളത്. ഇത് കൂടാതെ ഓപ്ഷണൽ 11kW വയർലെസ് ചാർജിംഗ് ലഭിക്കുന്ന ആദ്യത്തെ പോർഷെ EV കൂടിയാണ് ഇത്. കയേൻ ടർബോ ഇലക്ട്രിക്കിന് 2.26 കോടി രൂപയാണ് എക്സ് ഷോറൂം വില.
Story Highlights: പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, 1.76 കോടി രൂപയാണ് എക്സ് ഷോറൂം വില.



















