കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവായ വിഎം സുധീരൻ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജി എന്നാണ് വിഎം സുധീരൻ വിശദീകരണം നൽകിയത്.
അതേസമയം വി എം സുധീരന്റെ രാജി ഏതു സാഹചര്യത്തിലായിരുന്നെങ്കിലും പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാനും തയ്യാറാണെന്ന് കെ സുധാകരൻ പറഞ്ഞു.
വിഎം സുധീരനെയും ഉൾപ്പെടുത്തി മുന്നോട്ടു പോകണമെന്നാണ് കെപിസിസിയും കോൺഗ്രസും ആഗ്രഹിക്കുന്നതെന്ന് കെ സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എംഎം ഹസ്സനും ഇതേ നിലപാടാണ് സ്വീകരിച്ചത്.
അതേ സമയം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇന്ന് വി എം സുധീരനെ നേരിൽകണ്ട് ചർച്ച നടത്തിയേക്കും. എന്നാൽ സംഘടനയെ ശാക്തീകരിക്കാനുള്ള നീക്കങ്ങൾ നടത്തുമ്പോൾ വിഎം സുധീരൻ രാജിവച്ച് കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
Story Highlights: K Sudhakaran about VM Sudheeran.