പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞുവെന്നും ഈ വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് എൽ ഡി എഫ് നേതൃയോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവാദങ്ങൾ പുറപ്പെടുവിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ ഉൾപ്പെടുത്തേണ്ടതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
വിവാദങ്ങൾ സൃഷ്ടിച്ച് നേട്ടം കൈവരിക്കാനുള്ള നീക്കം വ്യാമോഹം മാത്രമാണ്. ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ വസ്തുതയുടെ പിൻബലമില്ല. കേരളത്തിലെ മയക്കുമരുന്ന് കേസുകളിലും മതപരിവർത്തനത്തിലും ഉൾപ്പെട്ടവരുടെ വിവരങ്ങൾ കണക്കാക്കിയാൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് പ്രത്യേക പങ്കില്ലെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സ്പർധയ്ക്ക് വഴിയൊരുക്കുന്ന തരത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും, പിന്തുണക്കുന്നവരെയും ചൂണ്ടിക്കാട്ടുവാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story highlight : Chief Minister’s responce to Pala Bishop’s statement.