തിരുവനന്തപുരം◾: നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല സ്വർണ്ണമോഷണ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത് പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ്. ഇന്ന് ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വരും.
ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭ സ്തംഭിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ ഇന്ന് സഭയിൽ ഉണ്ടാകില്ല. സ്വർണ്ണമോഷണ വിവാദത്തിൽ തുടർ സമരങ്ങളിലൂടെ നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കം.
ഇന്ന് വൈകുന്നേരം നാലുമണിക്ക് പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ കോൺഗ്രസ് വിശ്വാസ സംഗമം സംഘടിപ്പിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതേസമയത്തുതന്നെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്യോതി തെളിക്കും.
വിശ്വാസ സംഗമത്തിൽ കോൺഗ്രസിന്റെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കും. വിശ്വാസ സംഗമത്തിന് പിന്നാലെ ഈ മാസം 14 മുതൽ കോൺഗ്രസിന്റെ മേഖലാജാഥകൾ ആരംഭിക്കും.
സ്വർണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും. ഈ മാസം 18ന് നാല് മേഖലകളിൽ നിന്നുള്ള ജാഥ പന്തളത്ത് സമാപിക്കും. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ബിജെപി സമരപരിപാടികൾ സംഘടിപ്പിക്കുക.
Niyamasabha session ends today opposition to continue protest