
ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിൽ കനത്തമഴയെ തുടർന്ന് റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി കഴിഞ്ഞദിവസം രാത്രി വനിതാ ഡോക്ടർ മരണപ്പെട്ടു.
ഹൊസൂർ സർക്കാർ ആശുപത്രിയിൽ ഡോക്ടറായ സത്യയാണ് (35) മരണപ്പെട്ടത്. പിൻസീറ്റിൽ യാത്രചെയ്ത ഭർതൃമാതാവ് ജയയെ ഗുരുതരാവസ്ഥയിൽ പുതുക്കോട്ട ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും തുടൈയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കഴിഞ്ഞദിവസം പ്രദേശത്ത് കനത്തമഴ പെയ്തിരുന്നതായും അഴുക്കുചാൽസംവിധാനം തകരാറായതു കാരണമാണ് അടിപ്പാതയിൽ വെള്ളം നിറഞ്ഞതെന്നും പോലീസ് പറയുന്നു.
സാധാരണ ഈ അവസ്ഥയിൽ റെയിൽവേ ജീവനക്കാർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തു കളയുകയാണ് ചെയ്യുന്നത്.എന്നാൽ, ഈ വിവരം അറിയാതെ മുൻപേ പോയ ലോറിക്കുപിന്നാലെ ഓടിച്ചുപോകാമെന്ന കണക്കുകൂട്ടലിൽ സത്യ വാഹനം അടിപ്പാതയിലേക്കിറക്കുകയായിരുന്നു.
എന്നാൽ പാതിവഴിയിൽ കാർ വെള്ളക്കെട്ടിൽ മുങ്ങുകയും എൻജിൻ പ്രവർത്തനരഹിതമാകുകയും ചെയ്തു. അതേ സമയം മഴ ശക്തമായതോടെ അടിപ്പാതയിൽ അഞ്ചടിയോളം വെള്ളം ഉയരുകയും അതോടെ ഇരുവരും പുറത്തിറങ്ങാനാകാതെ കാറിലകപ്പെടുകയുമായിരുന്നു.
പിന്നാലെ എത്തിയ ലോറിയുടെ ഡ്രൈവർമാരാണ് ആദ്യം രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പിൻസീറ്റിലിരുന്ന ജയത്തെ പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതു മൂലം സത്യയെ രക്ഷിക്കാൻ കഴിയാതെ വരികയും മരണപ്പെടുകയും ചെയ്തു.
പോലീസും റെയിൽവേ അധികൃതരും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു.
Story highlight : Car sank in the water Woman doctor died in Tamil Nadu.