ദേശീയ പുരസ്കാരം നേടിയ ഋഷഭ് ഷെട്ടി നായകനായ കാന്താരയുടെ തുടർച്ചയായ കാന്താര ചാപ്റ്റർ 1 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എല്ലാ ഭാഷകളിൽ നിന്നുമായി ഏകദേശം 60 കോടി രൂപ ചിത്രം നേടിയെന്ന് പ്രമുഖ ട്രേഡ് ട്രാക്കർമാരായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഹിന്ദിയിൽ കാന്താര ചാപ്റ്റർ 1 ഏകദേശം 19 മുതൽ 21 കോടി രൂപ വരെ കളക്ഷൻ നേടിയെന്നും സക്നിൽക്ക് പറയുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഫെസ്റ്റിവൽ റിലീസായി ഈ സിനിമ കണക്കാക്കപ്പെടുന്നു. ഋഷഭ് ഷെട്ടി നായകനായി എത്തിയ കാന്താര ചാപ്റ്റർ 1 ഹിന്ദി വിപണിയിൽ ഒരു കന്നഡ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിംഗ് കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കി. യാഷിന്റെ കെജിഎഫ്: ചാപ്റ്റർ 2 ആണ് 54 കോടി രൂപ കളക്ഷൻ നേടി ഈ ലിസ്റ്റിൽ ഒന്നാമതായി നിൽക്കുന്നത്.
റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും ഋഷഭ് ഷെട്ടി തന്നെയാണ്. കൂടാതെ അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരുമായി ചേർന്ന് റിഷഭ് തിരക്കഥയിലും പങ്കാളിയായിട്ടുണ്ട്.
പൂജ റിലീസായി തിയേറ്ററുകളിലെത്തിയ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ ധർമ്മ പ്രൊഡക്ഷൻസിന്റെ സണ്ണി സംസ്കാരി കി തുളസി കുമാരി എന്ന ചിത്രവുമായി ഏറ്റുമുട്ടുന്നു. വരുൺ ധവാൻ, ജാൻവി കപൂർ, രോഹിത് സരഫ്, സന്യ മൽഹോത്ര എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം 9.25 കോടി രൂപയാണ് നേടിയത്. 125 കോടി രൂപയാണ് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര 2വിന്റെ നിർമ്മാണ ചിലവ്.
2024-ൽ കാന്താര എന്ന ചിത്രത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. അതുപോലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും ഈ സിനിമ സ്വന്തമാക്കി.
Story Highlights: Rishabh Shetty’s Kantara Chapter 1 earns ₹60 crore on its opening day, becoming the second-highest Kannada film opener in the Hindi market.