അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം രംഗത്ത്. നികുതിപ്പണം പാഴാക്കുന്ന ഏജൻസികളെ വരും ദിവസങ്ങളിൽ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അതേസമയം, സർക്കാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ ഇന്ന് ആരംഭിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ട്രംപ് ഭരണകൂടം എങ്ങനെയാണ് പിരിച്ചുവിടൽ നടത്തുക എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒബാമ കെയർ ആരോഗ്യ ഇൻഷുറൻസ് സബ്സിഡി തുടരണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻ പാർട്ടി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് ധനാനുമതി ബില്ലുകൾ സെനറ്റിൽ പാസാകാതെ പോയത്. ഫണ്ടിംഗിനായുള്ള വോട്ടെടുപ്പ് ഇന്ന് സെനറ്റിൽ വീണ്ടും നടക്കും.
അതിർത്തി സുരക്ഷ, വ്യോമയാനം, ഗതാഗതം, ആരോഗ്യമേഖല ഒഴികെയുള്ള എല്ലാ സർക്കാർ സേവനങ്ങളും ഇന്നലെ മുതൽ തടസ്സപ്പെട്ടിരിക്കുകയാണ്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും, ബിൽ പാസാകാൻ കുറഞ്ഞത് 60 വോട്ടുകൾ ആവശ്യമാണ്. ഇതേതുടർന്ന് അമേരിക്കയിൽ സർക്കാർ സേവനങ്ങൾ ഭാഗികമായി അടച്ചുപൂട്ടി.
ട്രംപിന്റെ അഭിപ്രായത്തിൽ ഡെമോക്രാറ്റിക് ഏജൻസികളിൽ രാഷ്ട്രീയപരമായ തട്ടിപ്പുകൾ നടക്കുന്നുണ്ട്. അവിടെ വെട്ടിനിരത്തൽ ഉറപ്പാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു. പാഴ്മരങ്ങൾ വെട്ടിമാറ്റാൻ കിട്ടിയ സുവർണ്ണാവസരമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. നിരവധി ഡെമോക്രാറ്റിക് ഏജൻസികളിൽ ഏതാണ് വെട്ടിക്കുറയ്ക്കുവാൻ അദ്ദേഹം ശുപാർശ ചെയ്യുന്നത് എന്നതിനനുസരിച്ച് നീങ്ങുമെന്നാണ് ട്രംപ് പറയുന്നത്.
ശമ്പളം കൊടുക്കാൻ പണമില്ലാത്തതിനാൽ ഏകദേശം ഏഴര ലക്ഷത്തോളം ജീവനക്കാർ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം ധനാനുമതിക്കുവേണ്ടി സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ ബിൽ പരാജയപ്പെട്ടിരുന്നു. അവശ്യസേവനമേഖലകളിലുള്ളവർ ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്.
അതേസമയം, ബജറ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ ഭരണത്തിൻ കീഴിലുള്ള ന്യൂയോർക്കിലെ പ്രധാന അടിസ്ഥാന സൗകര്യപദ്ധതികളായ ഹഡ്സൺ ടണൽ പദ്ധതിക്കും സെക്കൻഡ് അവന്യൂ സബ്വേക്കുമുള്ള 18 ബില്യൺ ഡോളറിന്റെ ധനസഹായം വൈറ്റ് ഹൗസ് മരവിപ്പിച്ചു. ഈ കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
story_highlight:Trump administration toughens stance on government shutdown, targeting agencies that waste tax dollars and initiating mass layoffs.