വിവോയുടെ ഒറിജിൻ ഒഎസ് ഇനി ഇന്ത്യയിലും; എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന് നോക്കാം
ചൈനയിൽ മാത്രം ലഭ്യമായിരുന്ന വിവോയുടെ ഒറിജിൻ ഒഎസ് ഓപ്പറേറ്റിങ് സിസ്റ്റം, ഗ്ലോബൽ തലത്തിൽ പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. എല്ലാ വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകില്ല. ഫൺടച്ച് ഒഎസിനെ ഇഷ്ടപ്പെടാത്ത ആരാധകർക്ക് ഒറിജിൻ ഒഎസിലൂടെ മികച്ച അനുഭവം നൽകാനാണ് വിവോ ലക്ഷ്യമിടുന്നത്. ഒറിജിൻ ഒഎസിൻ്റെ ബീറ്റാ വേർഷനിലേക്ക് എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്നും, ഏതൊക്കെ ഫോണുകളിൽ ലഭ്യമാണെന്നും പരിശോധിക്കാം.
ആരാധകർ ഏറെ നാളായി ആവശ്യപ്പെടുന്ന ഒറിജിൻ ഒഎസ് ഒടുവിൽ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ, ഒറിജിൻ ഒഎസിൻ്റെ പരിമിതമായ ബീറ്റാ വേർഷനാണ് ലഭ്യമായിട്ടുള്ളത്. അതിനാൽ തന്നെ, താല്പര്യമുള്ള ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്ത് ബീറ്റാ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഫൺടച്ച് ഒഎസ് അത്ര മികച്ചതല്ലെന്നുള്ള ഉപയോക്താക്കളുടെ പരാതികൾക്ക് വിവോ നൽകുന്ന ഒരു പരിഹാരമായാണ് ഈ പുതിയ ഒഎസ് എത്തുന്നത്.
എങ്കിലും, ഈ ഒഎസ് എല്ലാ വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. വിവോയുടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽപ്പെടുന്ന വിവോ എക്സ് 200 പ്രൊ, ഐക്യൂവിൻ്റെ നമ്പർ സീരീസിലെ ഐക്യൂ 13 എന്നീ മോഡലുകളിൽ മാത്രമായിരിക്കും ബീറ്റാ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യമുണ്ടാവുക. രജിസ്റ്റർ ചെയ്യുന്ന എല്ലാവരെയും തിരഞ്ഞെടുക്കണമെന്നില്ല. അതിനാൽ, എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാനായി ശ്രമിക്കുക.
ഒറിജിൻ ഒഎസിൽ നിരവധി ആകർഷകമായ ഫീച്ചറുകൾ ഉണ്ട്. ഒഴുക്കനെയുള്ള സോഫ്റ്റ് വെയർ എക്സ്പീരിയൻസ്, മികച്ച ഐക്കൺ, വാൾപേപ്പർ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, കൂടുതൽ എഐ സവിശേഷതകൾ എന്നിവ ഇതിൽ ചിലതാണ്. ഫൺടച്ച് ഒഎസിൽ നിന്നും ഒറിജിൻ ഒഎസിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ഡിസൈൻ മാറ്റങ്ങളാണ്.
ഇനി എങ്ങനെ ഒറിജിൻ ഒഎസ് ഇൻസ്റ്റാൾ ചെയ്യാമെന്ന് നോക്കാം. ഇതിനായി ആദ്യമായി നിങ്ങളുടെ ഫോൺ സെറ്റിങ്ങ്സിൽ പോവുക. അതിനു ശേഷം സിസ്റ്റം അപ്ഡേറ്റ് തിരഞ്ഞെടുക്കുക. തുടർന്ന്, സിസ്റ്റം അപ്ഡേറ്റിലെ സെറ്റിങ്ങ്സിൽ നിന്നും ട്രയൽ വേർഷൻ ക്ലിക്ക് ചെയ്യുക.
അടുത്തതായി, ‘ക്ലോസ്ഡ് ബീറ്റാ സൈൻഅപ്പ്’ തിരഞ്ഞെടുത്ത് ‘ഡീറ്റൈൽസ് കാണുക’ എന്ന ഓപ്ഷൻ നൽകുക. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ നിലവിലെ സിസ്റ്റം വേർഷൻ 15.0.14.1 ആണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ‘വ്യൂ ഡീറ്റൈൽസ്’ നൽകിയ ശേഷം രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, നിങ്ങൾ ബീറ്റാ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വിവോയുടെ ഔദ്യോഗിക ടീം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
ഈ പ്രിവ്യൂ പ്രോഗ്രാം ഒരു ബീറ്റ അപ്ഡേറ്റ് ആയതുകൊണ്ട് തന്നെ അപ്ഡേറ്റിന് ശേഷം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതകളുണ്ട്. അതുകൊണ്ട് ഡാറ്റ ബാക്കപ്പ് ചെയ്ത ശേഷം മാത്രം അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുകയെന്ന് കമ്പനി അറിയിച്ചു. അധികം വൈകാതെ തന്നെ ഒറിജിൻ ഒഎസിൻ്റെ സ്റ്റേബിൾ വേർഷൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Vivo’s Origin OS, previously exclusive to China, has now arrived in India with a beta version available for select users.