**കരൂർ◾:** തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 32 ആയി. കരൂർ മെഡിക്കൽ സൂപ്രണ്ടാണ് ഇതുവരെ 32 പേർ മരിച്ചതായി അറിയിച്ചത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.
സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ആശങ്കാജനകമായ കാര്യമാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. മരിച്ചവരിൽ 3 കുട്ടികളും 6 സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
റാലിക്കിടെ ജനക്കൂട്ടം നിയന്ത്രണാതീതമായതിനെ തുടർന്ന് വിജയ് പൊലീസിൻ്റെ സഹായം തേടി. ഇതിനിടെ വിജയ് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തിരുന്നു. തുടർന്ന് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.
Story Highlights: 32 people died in stampede at Vijay’s Karur rally in Tamil Nadu.