കോട്ടയം◾: എൻഎസ്എസിൻ്റെ ദീർഘകാല രാഷ്ട്രീയ നിലപാടായിരുന്നത് സമദൂര സിദ്ധാന്തമായിരുന്നു. ഈ നിലപാടിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ വെള്ളം ചേർത്തെന്ന പരാതിയാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്. ആരുമായും അകൽച്ചയോ അടുപ്പമോ സൂക്ഷിക്കാതെ മുന്നോട്ട് പോയിരുന്ന എൻഎസ്എസിനെ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിർത്താൻ ശ്രമിക്കാറുണ്ട്.
എൻഎസ്എസ് ആസ്ഥാനത്ത് സ്ഥാനാർത്ഥികൾ എത്തുന്നതും സഹായം അഭ്യർത്ഥിക്കുന്നതും സാധാരണമായിരുന്നു. എല്ലാ വിഭാഗം സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുകയായിരുന്നു പതിവ്. സ്വന്തം സമുദായാംഗങ്ങൾ മത്സരിക്കുന്നിടങ്ങളിൽപോലും എൻഎസ്എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാറില്ല. തങ്ങളെ സഹായിക്കാത്തവരെ തിരിച്ചും സഹായിക്കില്ലെന്ന നിലപാടൊക്കെ പ്രഖ്യാപിക്കുന്നത് പതിവാണെങ്കിലും അന്ധമായി ആരെയും പിന്തുണയ്ക്കുന്ന പതിവ് എൻഎസ്എസിനുണ്ടായിരുന്നില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് സർക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നത്. അന്ന് കോൺഗ്രസും, ബിജെപിയും ഉയർത്തിയ അതേ ആരോപണമായിരുന്നു എൻഎസ്എസും ഉയർത്തിയത്. ഇതോടെ ബിജെപി നിലപാടാണ് എൻഎസ്എസിന്റേതെന്ന ആരോപണം വ്യാപകമായി. സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു എൻഎസ്എസ് ഉയർത്തിയ പ്രധാന ആരോപണം.
സെപ്റ്റംബർ 20 ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയും യുഡിഎഫും തീരുമാനിച്ചിരുന്നു. എന്നാൽ കാലം മാറിയതോടെ എൻഎസ്എസ് നിലപാടിൽ മാറ്റം വന്നു. പന്തളം കൊട്ടാരം ആഗോള അയ്യപ്പ സംഗമത്തോട് മുഖം തിരിച്ചപ്പോൾ, എൻഎസ്എസ് സംഗമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് രംഗത്തെത്തി.
കുറച്ചുകാലമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളോട് അകൽച്ച പാലിച്ചിരുന്ന സുകുമാരൻ നായരുടെ നിലപാടിൽ കോൺഗ്രസിന് ആശങ്കയുണ്ടായി. എന്നാൽ കൂടുതൽ ആശങ്കയുണ്ടായത് ബിജെപിക്കായിരുന്നു. എസ്എൻഡിപി നേരത്തെ തന്നെ ഇടത് അനുകൂല നിലപാട് സ്വീകരിച്ചിരുന്നതിനാൽ വെള്ളാപ്പള്ളിയുടെ നിലപാടിൽ അവർ അത്ര നിരാശരായില്ല. തങ്ങളുടെ ഒപ്പം നിൽക്കുമെന്ന് കരുതിയിരുന്ന എൻഎസ്എസ് നിലപാട് സർക്കാർ അനുകൂലമായത് സംസ്ഥാന ബിജെപി നേതൃത്വത്തെ ആകെ ഉലച്ചുകളഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് എതിരായി പന്തളത്ത് സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച വിശ്വാസി സംഗമത്തിന് എതിരായ നിലപാട് സ്വീകരിച്ച എൻഎസ്എസ് നേതൃത്വം പരസ്യമായി ഇടത് അനുകൂല നിലപാട് സ്വീകരിച്ചതാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ആഗോള അയ്യപ്പ സംഗമത്തിലൂടെ ഇടത് സർക്കാർ ലക്ഷ്യമിട്ടത് എളുപ്പത്തിൽ പൂർത്തീകരിക്കുകയാണ്. തങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പരസ്യപ്രഖ്യാപനം നടത്തിയതും, പിണറായി എല്ലാകാലത്തും വിശ്വാസിയായിരുന്നുവെന്ന വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തലും ഇതിന് പിന്നാലെ വന്നു.
ഇടത് പാർട്ടിയുമായി അകന്നുകഴിയുന്നവരെയും പ്രബല സമുദായങ്ങളെയും വിശ്വാസികളെയും ഒരുമിച്ച് നിർത്താനും, അതുവഴി പരമാവധി വോട്ടുകൾ സമാഹരിച്ച് ഭരണത്തുടർച്ച നേടുകയെന്ന തന്ത്രമാണ് എൽഡിഎഫ് ഇവിടെ പയറ്റുന്നത്. ഇതിന്റെ ആദ്യപടിയായിരുന്നു ആഗോള അയ്യപ്പസംഗമം. ശബരിമലയുടെ പ്രസക്തി ലോകത്തിനു മുന്നിൽ എത്തിക്കാനുള്ള യത്നത്തിന്റെ ഭാഗമാണ് അയ്യപ്പ സംഗമമെന്നായിരുന്നു സർക്കാർ വാദം.
ദീർഘകാലമായി സമദൂരം പ്രഖ്യാപിച്ചിരുന്ന എൻഎസ്എസ് ഇടത് സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിപിഐഎം വിലയിരുത്തുന്നത്. പിണറായി വിജയനല്ലാത്ത മറ്റൊരാൾ നേതാവായാൽ ഇടത് മുന്നണിക്ക് തുടർഭരണം നഷ്ടപ്പെടുമെന്ന വെള്ളാപ്പള്ളിയുടെ പരസ്യ പ്രതികരണത്തിൽ പാർട്ടി നേതൃത്വം മൗനം പാലിക്കുകയാണ്. എസ്എൻഡിപി ജനറൽ സെക്രട്ടറിയെ കുറച്ചുകാലമായി കൂടെ കൊണ്ടുനടക്കുന്നതും, കെപിഎംഎസ് നേതാവ് പുന്നലയെ സ്വന്തം പാളയത്തിൽ സംരക്ഷിക്കുന്നതുമെല്ലാം വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്.
പിണറായി ദൈവവിശ്വാസിയാണെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണത്തിലും സിപിഐഎം നേതൃത്വം ഇതുവരെ വ്യക്തമായൊരു പ്രസ്താവന നടത്തിയിട്ടില്ല. എ കെ ബാലൻ ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയെങ്കിലും നേതൃത്വം ഒളിച്ചുകളിക്കുകയാണ്. ഇതിനിടയിൽ എൻഎസ്എസ് അണികളിൽ കടുത്ത അമർഷമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇഷ്ടമുള്ള രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ അണികൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെങ്കിലും ജനറൽ സെക്രട്ടറി പരസ്യമായ പിന്തുണയുമായി എത്തിയതിൽ പ്രതിഷേധം കടുക്കുകയാണ്. എസ്എസ്എസ് യൂണിയനുകളിൽ രാജിയും, ജനറൽ സെക്രട്ടറി രാജിവച്ചൊഴിയണമെന്നുള്ള ആവശ്യവും ശക്തമാവുകയാണ്. എൻഎസ്എസ് നേരത്തെ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നത് പിന്നീട് സമദൂരം എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.
1973 ലാണ് എൻഎസ്എസ് നേതൃത്വം കേരള രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്. എൻഡിപി (നാഷണൽ ഡെമോക്രാറ്റിക് പാർട്ടി) രൂപീകരിച്ചു. കേരളത്തിലെ സർവകലാശാലകളിൽ വിസി നിയമനം പോലുള്ള ഉന്നത സ്ഥാനങ്ങളിൽ നായർ സമുദായാംഗങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു എൻഎസ്എസിന്റെ അക്കാലത്തെ പ്രധാന പരാതി.
തുടർന്നുള്ള കാലങ്ങളിൽ നായർ സർവീസ് സൊസൈറ്റിയും രാഷ്ട്രീയ നിലപാടുകളും കേരള രാഷ്ട്രീയത്തിൽ ചർച്ചാ വിഷയമായിട്ടുണ്ട്. രമേശ് ചെന്നിത്തലയുമായി ദീർഘകാലം അകൽച്ചയിലായിരുന്ന എൻഎസ്എസ് നേതൃത്വം അതൊക്കെ പരിഹരിച്ചതും, ചെന്നിത്തലയെ വീണ്ടും പെരുന്നയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തതോടെ എൻഎസ്എസ് നേതൃത്വം കോൺഗ്രസുമായി അടുക്കുന്നു എന്ന സൂചനകൾ നൽകിയിരുന്നു. എൻഎസ്എസും, എസ്എൻഡിപിയും ഉന്നയിക്കുന്നത് ന്യൂനപക്ഷ പ്രീണനമാണ് എന്നതും കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്.
Story Highlights: Kerala politics in turmoil as NSS shifts its stance, causing ripples across political fronts and community dynamics.