സർവ്വകലാശാലകളിൽ കൂടുതൽ വിശ്വാസ്യതയും കുറ്റമറ്റതുമായ ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി.
കേരളത്തിലെ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഗവർണർ ഓൺലൈൻ പരീക്ഷാ സംവിധാനത്തെക്കുറിച്ച് പരാമർശിച്ചത്. ഓൺലൈൻ ക്ലാസുകളും പരീക്ഷയും വരുംകാലങ്ങളിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പോർട്ടൽ പോലുള്ള സൗകര്യങ്ങൾ ലഭ്യമാക്കി വിദ്യാർഥികൾക്കായി ഓൺലൈൻ പഠനം വിപുലമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഠന വകുപ്പുകളും അധ്യാപകരും ഓൺലൈൻ ക്ലാസുകളുടെ ശേഖരത്തിലേക്ക് കഴിയുന്നത്ര ക്ലാസുകൾ സംഭാവന ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
ജോയിന്റ് ഡിഗ്രി, സംയുക്ത ലേണിങ് സിസ്റ്റം, മാനേജ്മെന്റ് സിസ്റ്റം എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കേരള, എംജി, കണ്ണൂർ, കാലിക്കറ്റ് തുടങ്ങിയ സർവ്വകലാശാലകളിലെ വിസിമാരും യോഗത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 16നാണ് യോഗം സമാപിക്കുക.
Story Highlights: Universities should prepare flawless Online University System.