രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ജിഎസ്ടി പരിഷ്കരണം പുതിയൊരു തുടക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഎസ്ടി എല്ലാ മേഖലയിലുള്ളവർക്കും, പ്രത്യേകിച്ച് മധ്യവർഗത്തിനും യുവാക്കൾക്കും പ്രയോജനകരമാകും.
രാജ്യത്ത് നിലനിന്നിരുന്ന ഡസൻ കണക്കിന് നികുതികൾ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചരക്കുകൾ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്ന അവസ്ഥയുണ്ടായി. ഈ ദുരിതാവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ജിഎസ്ടിക്ക് സാധിച്ചു. ജിഎസ്ടി പരിഷ്കരണത്തിലൂടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ നിക്ഷേപങ്ങൾക്ക് ഊർജ്ജം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം ജിഎസ്ടിയിലൂടെ യാഥാർഥ്യമായി. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി വലിയ നികുതി പരിഷ്കരണം സാധ്യമായി. 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ ഇന്ത്യയിലെ വ്യവസായം കൂടുതൽ എളുപ്പമായിരിക്കുന്നു.
ദൈനംദിന ഉപയോഗത്തിനുള്ള മിക്ക സാധനങ്ങളുടെയും വില കുറയുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അവശ്യസാധനങ്ങൾക്കും മരുന്നുകൾക്കും വില കുറയും. 99% സാധനങ്ങളെയും അഞ്ച് ശതമാനം ടാക്സ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യ സ്വയംപര്യാപ്തതയുടെ പാതയിലാണെന്നും തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ അത് അഭിമാനത്തോടെ പറയണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വികസിത ഭാരതത്തിനായി ആത്മനിർഭരതയുടെ പാത പിന്തുടരണം. നമുക്കാവശ്യമുള്ള സാധനങ്ങൾ ഇവിടെത്തന്നെ നിർമ്മിക്കാൻ കഴിഞ്ഞാൽ അത് ചെയ്യണം.
നമ്മൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ലോകോത്തരമായിരിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വദേശി മന്ത്രം കൊണ്ടേ സാധിക്കൂ. രണ്ടര ലക്ഷം കോടി രൂപയുടെ നേട്ടമാണ് ജിഎസ്ടി പരിഷ്കരണത്തിലൂടെ ഇന്ത്യക്കാർക്ക് ഉണ്ടാകുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ ഓരോ തീരുമാനവും.
പോക്കറ്റിലുള്ള ചീപ്പ് പോലും വിദേശിയാണോ സ്വദേശിയാണോ എന്നറിയില്ലെന്നും നമ്മൾ ഉണ്ടാക്കിയ സാധനങ്ങൾ വാങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പൗരന്മാരാണ് ദൈവം എന്ന മന്ത്രവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജിഎസ്ടി ഇളവ് എല്ലാ മേഖലയിലുള്ള ആളുകൾക്കും ഗുണം ചെയ്യുമെന്നും ഇത് മധ്യവർഗ്ഗത്തിനും, യുവാക്കൾക്കും കൂടുതൽ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വികസനത്തിന് പുതിയ തുടക്കമിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.