10 ദിവസം കൊണ്ട് 13 ഹൊറർ സിനിമകൾ കണ്ടുതീർത്താൽ 1300 ഡോളര് (ഏകദേശം 95000 രൂപ) നേടാൻ അവസരം. ഫിനാൻസ് ബസ് എന്ന സ്ഥാപനമാണ് ഈ അതിശയിപ്പിക്കുന്ന ഓഫർ ലഭ്യമാക്കുന്നത്. ഇത്തരം ഒരു പ്രോഗ്രാം മുഖേന ചിത്രത്തിന്റെ ബജറ്റ് പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് പഠിക്കാനാകും എന്നാണ് വിലയിരുത്തൽ.
കാണേണ്ട സിനിമകൾ
ഇതുവരെ പുറത്തിറങ്ങിയതില് വെച്ച് ഏറ്റവും പേടിപ്പെടുത്തുന്ന 13 ചിത്രങ്ങൾ കാണുകയാണ് പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഹൊറര് മൂവി ഹാര്ട്ട് റേറ്റ് അനലിസ്റ്റ് എന്നാണ് പദ്ധതിയുടെ പേര്. സിനിമ കാണുന്ന വ്യക്തിയുടെ ഹൃദയമിടിപ്പ് ഫിറ്റ്ബിറ്റ് എന്ന ഉപകരണം ഉപയോഗിച്ച് അളക്കും. അത് വഴി ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറിയ ബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്ന് കണ്ടു പിടിക്കാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.
ഒക്ടോബര് 9 മുതല് 18 വരെയാണ് സിനിമകള് കാണേണ്ട സമയം.സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ്-2, കാൻഡിമാൻ, ഇൻസിഡ്യസ്, ദ ബ്ലെര് വിച്ച് പ്രൊജക്ട്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദ പർജ്, ഹാലോവീൻ (2018), പാരാനോർമൽ ആക്ടിവിറ്റി, അനബല്ലെ എന്നീ സിനിമകളാണ് പങ്കെടുക്കുന്നവർ കാണേണ്ടത്.
യോഗ്യത:
താല്പര്യമുള്ളവർക്ക് സെപ്തംബര് 26 വരെ അപേക്ഷിക്കാം. അമേരിക്കയിൽ താമസിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവര്ക്ക് മാത്രമാണ് ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഒരാളെ ഒക്ടോബർ 1ന് പ്രഖ്യാപിക്കും.
Story Highlights: Watch horror movies and win prize money.