മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇതു സംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകേണ്ടതെന്നാണ് ബില്ല് ചൂണ്ടിക്കാട്ടുന്നത്.
വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കേണ്ടത് മത്സരപരീക്ഷകളല്ല.സാമൂഹിക നീതിയും ഐക്യവും, എല്ലാവർക്കും തുല്യ അവസരവും ഉറപ്പാക്കുവാൻ ഈ ബിൽ അടിസ്ഥാനമാകുമെന്നും ഒപ്പം സമൂഹത്തിൽ താഴേത്തട്ടിലുള്ള വിദ്യാർഥികളെപ്പോലും വിവേചനങ്ങളെ മറികടന്ന് മുഖ്യധാരയിലെത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷാപ്പേടിയെ തുടർന്ന് സംസ്ഥാനത്ത് ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തതോടെയാണ് സർക്കാർ ഇങ്ങനെയൊരു നിലപാടെടുത്തത്.
ഇന്നലെ ധനുഷ് എന്ന വിദ്യാർഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിദ്യാർത്ഥികൾ പ്രതീക്ഷ വിടരുതെന്നും നീറ്റു പരീക്ഷയ്ക്കെതിരായുള്ള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുമെന്നും അറിയിപ്പ് നൽകിയിരുന്നു.
നീറ്റ് പരീക്ഷയ്ക്കെതിരായി സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ ആരംഭിക്കുകയാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിൻ പ്രഖ്യപിച്ചത്.രാജ്യത്ത് ആദ്യമായാണ് നീറ്റിനെ എതിർത്തുകൊണ്ട് ഒരു സംസ്ഥാനം ബില്ല് പാസാക്കുന്നത്.
Story highlight: Tamil Nadu Chief Minister MK Stalin introduces Bill in Tamil Nadu Assembly for cancel NEET exam