ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് വിശ്വാസ പ്രചാരണം നടത്തിയ കാർലോ അക്കുത്തിസിനെ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. കമ്പ്യൂട്ടറും ഇൻ്റർനെറ്റും വിശ്വാസ പ്രചാരണത്തിനുള്ള ശക്തമായ മാർഗ്ഗങ്ങളാണെന്ന് കാർലോ തെളിയിച്ചു. ജോർജിയോ ഫ്രാസെറ്റിയെയും വിശുദ്ധനായി പ്രഖ്യാപിച്ചു.
കാർലോ അക്കുത്തിസ് രക്താർബുദം ബാധിച്ച് 15-ാം വയസ്സിൽ മരണമടഞ്ഞു. ഇതോടെ ഈ പദവിയിലെത്തുന്ന ആദ്യത്തെ മില്ലേനിയൽ തലമുറയിലെ വ്യക്തിയായി കാർലോ മാറി. ജെൻ വൈ എന്നറിയപ്പെടുന്ന ഈ തലമുറയിലെ ആദ്യ വിശുദ്ധനാണ് കാർലോ അക്കുത്തിസ്.
ലണ്ടനിൽ ജനിച്ച് ഇറ്റലിയിലെ മിലാനിൽ വളർന്ന കാർലോ, 11-ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് തുടങ്ങി. ഈ വെബ്സൈറ്റിലൂടെയാണ് കാർലോ വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് ക്രൈസ്തവ സഭ അംഗീകരിച്ച അത്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തിയിട്ടുണ്ട്.
വെബ്സൈറ്റ് നിർമ്മിച്ചതോടെ കാർലോ വളരെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നു. കാർലോയെ ‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. പാൻക്രിയാസിന് രോഗം ബാധിച്ച ഒരു ബ്രസീലിയൻ കുട്ടിയുടെ രോഗം കാർലോയുടെ മാധ്യസ്ഥതയിൽ സുഖപ്പെട്ടുവെന്ന് പറയപ്പെടുന്നു.
തുടർന്ന് 2020-ൽ കാർലോ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കോസ്റ്ററിക്കയിൽ നിന്നുള്ള വലേറിയ എന്ന കൗമാരക്കാരി അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നത് കാർലോയുടെ മാധ്യസ്ഥതയിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇത് സഭ രണ്ടാമത്തെ അത്ഭുതമായി അംഗീകരിച്ചതോടെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ ഏപ്രിൽ 27-ന് കാർലോയെ വിശുദ്ധനായി പ്രഖ്യാപിക്കാനിരുന്നത് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇറ്റലിയിലെ അസീസിയിൽ കാർലോ അക്കുത്തിസിൻ്റെ ഭൗതികശരീരം മെഴുക് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്ന പള്ളിയിൽ ഇതിനോടകം 10 ലക്ഷത്തിലധികം ആളുകൾ സന്ദർശനം നടത്തിയിട്ടുണ്ട്.
Story Highlights : Carlo Acutis Become The First Millennial Saint