ചെന്നൈ തിരുവണ്ണാമലൈയിൽ ആരണിയിൽ സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച ലോഷിണി (10) ആണ് മരിച്ചത്. 29 പേരെ ചർദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരണിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസ്വാസ്ഥ്യം പ്രകടമായത്. ലക്ഷ്മി നഗർ സ്വദേശികളായ ആനന്തും കുടുംബവും ഹോട്ടലിൽ നിന്നും ബിരിയാണിയും തന്തൂരി ചിക്കനും കഴിച്ചിരുന്നു. തിരികെ വീട്ടിൽ എത്തിയതോടെയാണ് ചർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്.
തുടർന്ന് സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആനന്ദിന്റെ മകൾ ലോഷിണി മരിച്ചു. അദ്ദേഹത്തെയും ഭാര്യ പ്രിയദർശിനിയെയും മകൻ ശരണിനെയും വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നാൽപതോളം പേർ അസ്വസ്ഥത പ്രകടിപ്പിച്ചതിൽ 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ റവന്യു അധികൃതരും പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പരിശോധന നടത്തി. ഇവിടെനിന്നും 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടൽ ഉടമയെയും പാചകക്കാരനെയും കസ്റ്റഡിയിലെടുത്ത് പോലീസ് ഹോട്ടൽ മുദ്രവച്ചു.
Story Highlights: Ten year old girl dies after eating biryani at Star Hotel