കൊച്ചി◾: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ രംഗത്ത്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചാൽ മാത്രം പോരാ, എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന് പത്മജ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണത്തെക്കുറിച്ചും അവർ വിമർശനം ഉന്നയിച്ചു.
പത്മജ വേണുഗോപാൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. ഒരു എംഎൽഎയെ ധൈര്യമായി വീട്ടിൽ കയറ്റാൻ സാധിക്കണം. വീട്ടിൽ കയറ്റാൻ പറ്റാത്ത ഒരാളെ എങ്ങനെ എംഎൽഎയായി വെച്ചുകൊണ്ടിരിക്കും? ഇത് കോൺഗ്രസിന് തന്നെ നാണക്കേടാണ്. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് കോൺഗ്രസുകാരുടെ ഉത്തരവാദിത്തമാണ്, എന്നാൽ അത് അവർ ചെയ്യുമോ എന്ന് തനിക്ക് അറിയില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
തന്റെ അമ്മയെക്കുറിച്ച് രാഹുൽ മുൻപ് പറഞ്ഞ കാര്യങ്ങൾ ഒരുപാട് വേദനിപ്പിച്ചുവെന്ന് പത്മജ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ആരെയും വ്യക്തിപരമായി കുറ്റം പറയരുതെന്ന് അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്, അത് ഇതുവരെയും പാലിച്ചിട്ടുണ്ട്. പുറത്തേക്ക് പോലും വരാതെ, ഒന്നിനും പോകാതെ കോൺഗ്രസുകാർക്കെല്ലാം വെച്ചുവിളമ്പി ജീവിച്ചിരുന്ന ഒരു പാവപ്പെട്ട സ്ത്രീയെക്കുറിച്ച് മോശമായി പറഞ്ഞപ്പോൾ വിഷമം തോന്നി. രാഹുൽ ഇപ്പോൾ അനുഭവിക്കുന്നത് ആ പാവപ്പെട്ട സ്ത്രീയുടെ മനസ്സിന്റെ ശാപമാണ്. അവരെക്കുറിച്ച് അങ്ങനെ പറയേണ്ട ഒരുകാര്യവുമില്ലായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.
സണ്ണി ജോസഫ് പറയുന്നത് തനിക്ക് ഇതുവരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്നാണ്. എന്നാൽ ഒരു സ്ത്രീയും പരാതി നൽകാതെ പരസ്യമായി ഇങ്ങനെയൊരു ആരോപണം ഉന്നയിക്കില്ല. അവർ നേതാക്കൻമാരുടെ അടുത്തൊക്കെ പോയി പരാതി പറഞ്ഞിട്ടാകും പിന്നീട് പുറത്ത് പറഞ്ഞിട്ടുണ്ടാവുക. എന്നിട്ടും ഇപ്പോഴും രാഹുലിനെ രക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇതൊന്നുമല്ല, വലിയ കാര്യങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും പത്മജ കൂട്ടിച്ചേർത്തു.
ചോദിക്കുമ്പോൾ ദേഷ്യം വരേണ്ട കാര്യമില്ലെന്നും ജനങ്ങളോട് മറുപടി പറയാൻ അവർക്ക് ഉത്തരവാദിത്തമുണ്ടെന്നും പത്മജ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികൾ ചോദിക്കുമ്പോൾ “ഹൂ കെയേഴ്സ്” എന്നാണോ മറുപടി പറയേണ്ടത്? കോൺഗ്രസ് സ്വയം സംരക്ഷിക്കുകയാണ്. പരാതി ലഭിച്ചപ്പോൾ വി.ഡി. സതീശൻ നടപടിയെടുക്കേണ്ടതായിരുന്നു. ആദ്യമേ പരാതിയുണ്ടായപ്പോൾ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും പത്മജ വേണുഗോപാൽ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് നേതാക്കൾ രാഹുലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കൂടുതൽ വിമർശനങ്ങളുമായി പത്മജ രംഗത്ത് എത്തിയിരിക്കുകയാണ്.
Story Highlights : Padmaja Venugopal about Allegation against Rahul Mamkoottathil