സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾ അതീവ ശ്രദ്ധ ചെലുത്തണം. വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ശക്തമായ കാറ്റും മഴയുമുള്ളതിനാൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി കമ്പികൾ പൊട്ടാനോ, കമ്പികൾ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. അതിനാൽ രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. അപകടം ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബി അറിയിപ്പിൽ പറയുന്നു.
പൊട്ടിവീണ വൈദ്യുതി ലൈനുകളുടെ പരിസരത്ത് പോലും സ്പർശിക്കരുത്. പൊട്ടിവീണ ലൈനിൽ മാത്രമല്ല, അതിന്റെ പരിസരപ്രദേശങ്ങളിലും വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആരെയും അതിന്റെ അടുത്ത് പോകാൻ അനുവദിക്കരുത്.
സർവ്വീസ് വയറുകൾ, സ്റ്റേ വയറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവ സ്പർശിക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളിൽ സർവ്വീസ് വയർ കിടക്കുക, സർവ്വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നു.
അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ ഉടൻ തന്നെ വിവരം അറിയിക്കുക. ഈ നമ്പറിൽ അപകടങ്ങൾ അറിയിക്കുവാൻ വേണ്ടി മാത്രമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കുവാൻ 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലോ, അതത് സെക്ഷൻ ഓഫീസുകളിലോ വിളിക്കാവുന്നതാണ്. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും കെ.എസ്.ഇ.ബി ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
Story Highlights: Heavy rain alert: KSEB warns to be vigilant.