ജീവിക്കാനുള്ള അവകാശമാണ് മതവിശ്വാസത്തെക്കാൾ പ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ വിനായകചതുർഥിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം.
ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി.ഡി ആദികേശവലൂ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളിയത്. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവന് മതവിശ്വാസത്തെക്കാൾ പ്രാധാന്യമുള്ളതിനാലാണ് ഹർജി തള്ളിയതെന്ന് കോടതി വ്യക്തമാക്കി.
വിനായക ചതുർത്ഥിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ തമിഴ്നാട്ടിൽ സർക്കാർ വിലക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ വിഗ്രഹങ്ങൾ വയ്ക്കുന്നതിനും ഘോഷയാത്ര നടത്തുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്.
എന്നാൽ ബിജെപി, ഹിന്ദു മുന്നണി അടക്കമുള്ള ഹൈന്ദവ സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ വിശദീകരണം നൽകി. എന്നാൽ വീടുകളിലും ക്ഷേത്രങ്ങളിലും തിരക്ക് ഒഴിവാക്കിയുള്ള ആരാധനയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
Story Highlights: Madras Highcourt says Life is more important than Religion.