ഓൺലൈൻ ഗെയിമിങ്ങിന് അടിമയായ ഒമ്പതാം ക്ലാസുകാരൻ ചിലവാക്കിയത് സഹോദരിയുടെ വിവാഹത്തിനായി കരുതിയ നാലു ലക്ഷം രൂപ. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്താണ് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ തുക സമ്പാദിച്ചത്.
വിവാഹം അടുത്തതോടെ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. രേഖകളിൽ പല അക്കൗണ്ടുകളിലേക്കായി പണം കൈമാറിയതായാണ് അറിയാൻ കഴിഞ്ഞത്.
ഇതോടെ പോലീസിൽ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഒമ്പതാം ക്ലാസുകാരൻ തുക ചിലവാക്കിയത് കണ്ടെത്തിയത്. പഠനത്തിൽ മികവുപുലർത്തിയ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി മാതാപിതാക്കൾ മൊബൈൽ വാങ്ങി നൽകിയിരുന്നു.
അമ്മയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിമ്മാണ് കുട്ടിയുടെ സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരുന്നത്. അതിനാൽ പണം പിൻവലിച്ച സന്ദേശങ്ങളും വിദ്യാർഥിയുടെ ഫോണിലാണ് എത്തിയിരുന്നത്.
ഇതോടെ വീട്ടുകാരറിയാതെ ബാങ്ക് അക്കൗണ്ടിലെ തുക മുഴുവനും നഷ്ടപ്പെടുകയായിരുന്നു. പോലീസ് മുൻകൈയെടുത്ത് വിദ്യാർത്ഥിയ്ക്ക് കൗൺസിലിംഗ് നൽകി.
Story Highlights: 4 lakhs kept for marriage lost in online gaming