കൊല്ലം◾: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചെന്നും ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും കത്തിൽ പറയുന്നു. മരിക്കാൻ ഒട്ടും ആഗ്രഹമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നിട്ടില്ലെന്നും വിപഞ്ചിക കുറിച്ചു.
വിപഞ്ചികയുടെ ആത്മഹത്യയിൽ ഒന്നാം പ്രതികൾ ഭർതൃസഹോദരിയായ നീതു, ഭർത്താവ് നിതീഷ് മോഹൻ എന്നിവരാണെന്നും രണ്ടാം പ്രതി ഭർതൃപിതാവായ മോഹനൻ ആണെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളികളെ വെറുതെ വിടരുതെന്നും വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെടുന്നു. ഭർതൃപിതാവിനെതിരെയും ഭർതൃസഹോദരിക്കെതിരെയും കത്തിൽ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും കാർ കൊടുത്തില്ലെന്നുമൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചിക കത്തിൽ പറയുന്നു. വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറിയിട്ടും ഭർത്താവ് പ്രതികരിച്ചില്ലെന്നും, പകരം അയാൾക്ക് വേണ്ടിയാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് വിപഞ്ചികയുടെ ആരോപണം. ഭർതൃസഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചില്ലെന്നും കത്തിൽ പറയുന്നു.
ഗർഭിണിയായിരുന്നപ്പോൾ ഭർതൃസഹോദരിയുടെ പേരും പറഞ്ഞ് കഴുത്തിൽ ബെൽറ്റിട്ട് വലിച്ചെന്നും മുടിയും പൊടിയുമെല്ലാം ചേർന്ന ഷവർമ വായിൽ കുത്തിക്കയറ്റിയെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കുഞ്ഞിനെ ഓർത്ത് വിട്ടയക്കാൻ കെഞ്ചിയിട്ടും ഭർതൃസഹോദരി കേട്ടില്ല. ഒരിക്കൽ ഇവരുടെ വാക്കുകേട്ട് നിതീഷ് വീട്ടിൽ വലിയ ബഹളമുണ്ടാക്കിയെന്നും കത്തിൽ പറയുന്നു.
വിപഞ്ചികയെയും മകൾ വൈഭവിയെയും ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഷാർജയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിപഞ്ചിക തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും തിരിച്ചുവിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ലെന്നും അഡ്വക്കറ്റ് മനോജ് പള്ളിമൺ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മ ഷൈലജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും വിപഞ്ചിക പറഞ്ഞിരുന്നു. ഗർഭിണിയായി ഏഴാം മാസത്തിൽ തന്നെ നിതീഷ് വീട്ടിൽ നിന്നും ഇറക്കിവിട്ടുവെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ തരാറില്ലെന്നും നിതീഷിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും വിപഞ്ചിക ആരോപിക്കുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: 1056, 0471-2552056.
Story Highlights: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ.