ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വിഷയത്തിൽ സർക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നും, ദുരന്തത്തിന് ഉത്തരവാദിയായ വ്യക്തിയെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ജനങ്ങളോട് തുറന്നു പറയാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.
സാധാരണ രോഗികൾ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തുമ്പോൾ, അവിടെ മരുന്ന് കുറിച്ചു കൊടുക്കുകയും പിന്നീട് പുറത്തുപോയി പണം കൊടുത്ത് വാങ്ങേണ്ട ഗതികേടാണുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാ സാധാരണക്കാർക്കും അമേരിക്കയിൽ പോയി ചികിത്സിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷമായി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർ എന്താണ് ചെയ്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എല്ലാ മെഡിക്കൽ കോളേജുകളുടെയും അവസ്ഥ വളരെ ദയനീയമാണ്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർ ഇപ്പോൾ ജനങ്ങളെ ശരിയാക്കി കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചതിനെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. എന്നാൽ, മന്ത്രിയുടെ ഈ പ്രതികരണത്തെയും ചെന്നിത്തല വിമർശിച്ചു.
മന്ത്രി വീണാ ജോർജ് വെളുപ്പിന് ആറുമണിക്ക് ബിന്ദുവിന്റെ വീട്ടിൽ പോയത് പ്രതിഷേധം ഭയന്ന് തന്നെയാണെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. മന്ത്രിക്ക് ധൈര്യമുണ്ടായിരുന്നെങ്കിൽ പകൽ വെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിലേക്ക് പോകണമായിരുന്നു. ഇതിന്റെ അർത്ഥം എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടം ഇടിഞ്ഞു വീഴുന്നതും ഒരാൾ മരിക്കുന്നതും പ്രതിപക്ഷത്തിന്റെ നുണപ്രചരണമല്ല. കെട്ടിടം മാത്രമല്ല ഗവൺമെൻ്റ് തന്നെ ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഏഴ് മണി എന്നത് നാട്ടിലൊക്കെ പകൽ തന്നെയാണെന്നും, കേരളത്തിലെ മറ്റ് നാട്ടിൽ എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Story Highlights: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.