സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചതനുസരിച്ച് സംസ്ഥാനത്ത് നിപ വൈറസുമായി ബന്ധപ്പെട്ട് 345 പേരാണ് ആകെ സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 211 പേരും, പാലക്കാട് 91 പേരും, കോഴിക്കോട് 43 പേരുമാണ് ഈ പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലെ മുഴുവൻ ആളുകളും ആരോഗ്യ പ്രവർത്തകരാണ്.
കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേർക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഈ സാഹചര്യത്തിൽ, ഈ പ്രദേശങ്ങളിൽ നിന്ന് മൂന്നാഴ്ച മുമ്പുള്ള വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിശ്ചിത കാലയളവിൽ മസ്തിഷ്ക ജ്വരമോ ന്യൂമോണിയ ബാധിച്ചോ ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളിൽ പാലക്കാട് ചികിത്സയിലുള്ളയാൾ പോസിറ്റീവായി. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
രോഗ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റേതെങ്കിലും രീതിയിലോ ഓടിക്കാൻ പാടില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടാതെ, രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്.
ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെ ആശുപത്രികളിൽ ഉറപ്പാക്കാനും, സമ്പർക്കപ്പട്ടികയിൽ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കണ്ടൈൻമെന്റ് സോണുകളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. രണ്ട് ജില്ലകളിൽ കണ്ടൈൻമെന്റ് സോണുകൾ കളക്ടർമാർ പ്രഖ്യാപിച്ചു.
സ്റ്റേറ്റ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമുകളും സ്ഥാപിച്ചു. 3 ജില്ലകളിലായി 26 കമ്മിറ്റികൾ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Story Highlights: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 345 പേർ നിരീക്ഷണത്തിൽ.