◾ചെറ്റച്ചൽ സമര ഭൂമിയിലെ ഭവന രഹിതരായ 18 കുടുംബങ്ങൾക്കായി നിർമിക്കുന്ന വീടുകൾക്ക് മന്ത്രി ഒ.ആർ.കേളു തറക്കല്ലിട്ടു◾
◾ഓരോ വീടിനു ചെലവഴിക്കുന്നത് 6 ലക്ഷം രൂപ, കെട്ടുറപ്പോടു കൂടി നിർമിക്കുമെന്ന് മന്ത്രി
വിതുര◾ ‘ഭൂമി ഇല്ലാത്തവർക്കെല്ലാം ഭൂമി ലഭ്യമാക്കുക’ എന്നത് സംസ്ഥാന സർക്കാരിന്റെ സുപ്രധാന ലക്ഷ്യമാണെന്ന് മന്ത്രി ഒ.ആർ.കേളു. വിതുര ചെറ്റച്ചല് സമര ഭൂമിയിലെ ഭവന രഹിതരായ 18 കുടുംബങ്ങൾക്കായി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടീൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും വിശാലമായ കാഴ്ചപ്പാടോടുകൂടി സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കണം. ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികൾ വികസന കേരളം ഒരുക്കി കൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പട്ടിക വർഗ വകുപ്പ് രൂപീകരിച്ചിട്ട് 50 വർഷം പൂർത്തിയാകുന്ന വേള ആയതിനാൽ ആദിവാസികളെ മുൻ നിരയിൽ എത്തിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്ര ജീവിക സംഘമാണ് വീട് നിർമാണത്തിന് നേതൃത്വം നൽകുന്നത്. 6 ലക്ഷം രൂപ ഓരോ വീടിനും ചെലവഴിക്കും. പ്രത്യേക അനുമതി നേടിയാണ് ഭവന രഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നത്. ഒരു കോടി എട്ട് ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എൽ.കൃഷ്ണ കുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജുഷ ജി.ആനന്ദ്, ജി.മണികണ്ഠൻ, വൈസ് പ്രസിഡൻ്റ് ബി.എസ് സന്ധ്യ, അംഗം ജി.സുരേന്ദ്രൻ നായർ, ഊര് മൂപ്പൻ ബി.സദാനന്ദൻ കാണി, സംസ്ഥാന പട്ടിക വർഗ്ഗ ഉപദേശക സമിതി അംഗം ബി.വിദ്യാധരൻ കാണി, കക്ഷി രാഷ്ട്രീയ നേതാക്കളായ എം.എസ്.റഷീദ്, ഇം.എം.നസീർ എന്നിവർ പ്രസംഗിച്ചു.
◾‘ലൈഫ് വഴി മൂന്നര ലക്ഷം പേർക്ക് വീട് നിർമിച്ചു നൽകി’
ചെറ്റച്ചൽ◾ സംസ്ഥാനത്തെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ‘ലൈഫ്’ ഭവന പദ്ധതി വഴി വീട് നിർമ്മിച്ചു നൽകിയതായി മന്ത്രി ഒ.ആർ,കേളു. അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവരെ സമൂഹത്തിനൊപ്പം കൊണ്ടു വരുക എന്നത് സർക്കാർ ഏറ്റെടുത്ത വലിയ ദൗത്യമാണ്. ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ, ഹരിത കേരള മിഷൻ, എന്നിവവയും വിജയകരമായി പുരോഗമിക്കുന്നു. റവന്യൂ ഭൂമി, മിച്ചഭൂമി എന്നിങ്ങനെ കിട്ടാവുന്ന എല്ലാ തരത്തിലുമുള്ള ഭൂമി ഇതിനായി ഉപയോഗിക്കുന്നു. ലാൻഡ് ബാങ്ക് പദ്ധതി വഴി സ്ഥലം വില കൊടുത്ത് വാങ്ങി സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് നൽകുന്നത് ഉൾപ്പെടെ സർക്കാരിന്റെ കരുതലിന്റെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
Story Highlights: Minister Khelu lays foundation stone for houses being built for 18 homeless families in Chettachal Samara Bhoomi.