മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞദിവസമാണ് കൊടിക്കുന്നിൽ സുരേഷ് എംപി വിവാദ പരാമർശം നടത്തിയത്. ഇരുൾ നിറഞ്ഞ ഫ്യൂഡൽ കാലഘട്ടത്തിൽ നിന്നും മുക്തരാകാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.
പെൺകുട്ടികൾക്ക് സ്വതന്ത്രരായി അവരുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. എന്നാൽ അത് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമന ചിന്താഗതി വേണമെന്നും കെ.കെ ശൈലജ വിമർശിച്ചു.
നവോത്ഥാനനായകനാണെങ്കിൽ പട്ടികജാതിക്കാരന് മകളെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു കൊടിക്കുന്നിൽ എംപിയുടെ വിവാദ പരാമർശം. പട്ടികജാതിക്കാരനായ ദേവസ്വം മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പ്കാരനെ നിയമിച്ചെന്നും കൊടിക്കുന്നിൽ എംപി ആരോപിച്ചിരുന്നു.
ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും കെ കെ ശൈലജ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇത്രയേറെ വിമർശനങ്ങൾ ഉയർന്നിട്ടും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
Story Highlights: KK Shailaja teacher slams Kodikunnil Suresh MP over controversial statement against CM.