സിലിക്കൺവാലിയിൽ നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ വൻ നീക്കം. ഈ രംഗത്ത് അതിവേഗം മുന്നേറുന്ന പെർപ്ലെക്സിറ്റിക്ക് വേണ്ടി ടെക് ഭീമനായ ആപ്പിളാണ് രംഗത്തുള്ളതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ ടെക് ലോകം കണ്ട ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും ഇത്.
ചർച്ചകൾ പ്രാരംഭഘട്ടത്തിൽ പുരോഗമിക്കുമ്പോൾ തന്നെ, ആപ്പിളിന്റെ എം & എ മേധാവി അഡ്രിയാൻ പെരിക്ക, സർവീസസ് മേധാവി എഡ്ഡി ക്യൂ, എഐ ഗവേഷണത്തിലെ പ്രധാന വ്യക്തികൾ എന്നിവർ ഇതിൽ പങ്കെടുത്തുവെന്നാണ് വിവരം. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. വാർത്തകളോട് ആപ്പിളോ പെർപ്ലെക്സിറ്റിയോ പ്രതികരിച്ചിട്ടില്ല.
നിലവിൽ നിർമ്മിത ബുദ്ധി യുദ്ധത്തിൽ ഓപ്പൺ എഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ വമ്പൻ കമ്പനികളുമായി മത്സരിക്കാൻ കഷ്ടപ്പെടുകയാണ് ആപ്പിൾ. അതിനാൽ തന്നെ പെർപ്ലെക്സിറ്റിയെ സ്വന്തമാക്കുന്നതിലൂടെ എഐ സെർച്ച് എഞ്ചിനടക്കമുള്ള സൗകര്യങ്ങളുമായി എതിരാളികൾക്കൊപ്പം എത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് കൂടാതെ എഐ രംഗത്തെ വിദഗ്ധരുടെ ഒരു വലിയ ടീമിനെ സ്വന്തമാക്കാനും ഇതിലൂടെ ആപ്പിളിന് സാധിക്കും.
മുഴുവനായി വാങ്ങുന്നതിന് പകരം ഒരു പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിനുള്ള സാധ്യതകളും ആപ്പിൾ പരിഗണിക്കുന്നുണ്ട്. 14 ബില്യൺ ഡോളറാണ് AI സെർച്ച് എഞ്ചിനായ പെർപ്ലെക്സിറ്റിയുടെ മൂല്യം കണക്കാക്കുന്നത്. 2014 ൽ 3 ബില്യൺ ഡോളറിന് ബീറ്റ്സിനെ ഏറ്റെടുത്ത റെക്കോർഡാണ് ഇതിലൂടെ ആപ്പിൾ മറികടക്കാൻ ശ്രമിക്കുന്നത്.
അതേസമയം, സാംസങ് കമ്പനിയും പെർപ്ലെക്സിറ്റിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിനാൽ തന്നെ ആപ്പിളിന്റെ ഈ നീക്കം ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.
Story Highlights: പ്രമുഖ നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ സിലിക്കൺവാലിയിൽ ആപ്പിൾ ശ്രമം നടത്തുന്നു എന്ന് റിപ്പോർട്ട്.