കേരളത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് കെ.വി. തോമസ്. സംസ്ഥാനത്തിനുള്ള കേന്ദ്ര സഹായം വേഗത്തിലാക്കാനും വായ്പാ പരിധി ഉയർത്താനും ധനമന്ത്രിയോട് അഭ്യർഥിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ പ്രശ്നങ്ങൾക്കും പരിഹാരം തേടി.
സംസ്ഥാനത്തിന് അടിയന്തരമായി 1500 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനോട് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അഭ്യർത്ഥിച്ചു. നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിൽ വെച്ച് ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു കൂടിക്കാഴ്ച. ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ഇൻസെന്റീവായി സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ള പ്രത്യേക സഹായം എത്രയും വേഗം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാർശ അനുസരിച്ച് കേരളത്തിന്റെ വായ്പ പരിധി ഉയർത്തുന്നതിനുള്ള നടപടി ഉടൻ വേണമെന്നും കെ.വി. തോമസ് ധനമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ 3323 കോടി രൂപയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെയും ആർ.ബി.ഐയുടെയും നിർദ്ദേശപ്രകാരം ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ തിരിച്ചടവും സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ആശ്വാസമാകും.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ഓപ്പറേഷനിൽ കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ്ജുകളിൽ ഇളവ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കെ.വി.തോമസ് ധനമന്ത്രിയോട് അഭ്യർത്ഥിച്ചു. () കണ്ണൂർ എയർപോർട്ടിന്റെ സുഗമമായ പ്രവർത്തനത്തിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.വി.തോമസ് ഈ വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അതേസമയം ‘ഭാവിയ്ക്കുവേണ്ടി സമ്പാദിക്കുക ‘എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്റെ പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ കേന്ദ്രധനമന്ത്രി നിർവ്വഹിക്കാമെന്ന് ഉറപ്പ് നൽകിയെന്ന് കെ.വി.തോമസ് അറിയിച്ചു. () പതിനായിരം വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെയുള്ള ഈ പദ്ധതി എറണാകുളം ജില്ലയിലെ ചെല്ലാനം പുത്തൻതോട് ഗവൺമെൻ്റ് സ്കൂളിലാണ് ആരംഭിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കെ.വി.തോമസ് മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും കേക്ക് നൽകി. കേരളഹൗസിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി.
Story Highlights : k v thomas on central govt help for kerala
Story Highlights: സംസ്ഥാനത്തിന് അടിയന്തര സഹായം നൽകണമെന്ന് കേന്ദ്ര ധനമന്ത്രിയോട് കെ.വി. തോമസ് അഭ്യർത്ഥിച്ചു.