ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം തടഞ്ഞ് ട്രംപ് ഭരണകൂടം. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കും. സർവ്വകലാശാലയിൽ 6800 ഓളം വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വിഷയത്തിൽ പ്രതികരണവുമായി ഹാർവാർഡ് സർവ്വകലാശാല രംഗത്തെത്തിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിയമപരമായ വിദ്യാർത്ഥി പദവി നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര വിദ്യാർത്ഥികളോട് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർവ്വകലാശാല വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് 788 ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ബിരുദ കോഴ്സുകളാണ് കൂടുതലും ഇവർ തിരഞ്ഞെടുക്കുന്നത്.
ഹാർവാർഡ് അക്രമവും ജൂത വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി ഉന്നയിക്കുന്നു. ഇതിന്റെ ഭാഗമായി ഗവൺമെൻ്റ് ആവശ്യപ്പെട്ട ഹാർവാർഡിലെ വിദേശ വിദ്യാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇതെന്നും ഭരണകൂടം അറിയിച്ചു.
ട്രംപിന്റെ ഈ നടപടിക്ക് എതിരെ ഹാർവാർഡ് സർവ്വകലാശാല രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം നിയമവിരുദ്ധമാണെന്നും പ്രതികാര നടപടിയാണെന്നും ഹാർവാർഡ് അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സർവ്വകലാശാലയ്ക്ക് ഒരു കത്തയച്ചിട്ടുണ്ട്.
നടപടി നിയമാനുസൃതമല്ലെന്നാണ് ഹാർവാർഡ് സർവ്വകലാശാലയുടെ പ്രതികരണം. നേരത്തെ ഹാർവാർഡ് സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർത്തിയിരുന്നു. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതോടെയായിരുന്നു ഈ പ്രതികാര നടപടി.
അതേസമയം തന്റെ ആവശ്യങ്ങൾ അംഗീകരിയ്ക്കും വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
Story Highlights : Trump Administration Bars Harvard University From Enrolling Foreign Students
Story Highlights: ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം തടഞ്ഞു, ഇത് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കും.