ട്രംപിന്റെ ബിഗ് ബോസ് അല്ലെങ്കിൽ സ്ക്വിഡ് ഗെയിം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു റിയാലിറ്റി ഷോ അമേരിക്കയിൽ വരുന്നു. അമേരിക്കൻ പൗരത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ വിജയിക്കുന്നവർക്ക് വലിയ സമ്മാനങ്ങൾ ലഭിക്കും. ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന ഈ പരിപാടിയിൽ നിരവധി റൗണ്ടുകളുണ്ടാകും. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയ ശേഷം, പൗരത്വം നൽകുന്നതിനുള്ള പുതിയ മാർഗ്ഗമായാണ് ഈ റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്.
കുടിയേറ്റ നിയമങ്ങൾ ശക്തമാക്കിയ ശേഷം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകുന്നതിന് ചില കഠിന പരീക്ഷകൾ ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. അമേരിക്കൻ പൗരത്വമെന്ന ‘സോ കോൾഡ്’ നിധി തേടിയിറങ്ങുന്നവർ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരീക്ഷണങ്ങളിൽ വിജയിക്കേണ്ടതുണ്ട്. യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാർക്കുള്ള പ്രവേശന കേന്ദ്രമായ എല്ലിസ് ദ്വീപിലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. അമേരിക്കൻ പൗരത്വത്തിന് വേണ്ടി ഇത്രയധികം കഷ്ടപ്പെടണോ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം.
കനേഡിയൻ എഴുത്തുകാരനും പ്രൊഡ്യൂസറുമായ റോബ് വോർസോഫ് ഈ ഷോയിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്ന് ആസൂത്രണം ചെയ്ത് 36 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയുടെ പേര് “ദി അമേരിക്കൻ” എന്നായിരിക്കും. കുടിയേറി എത്തുന്നവരുടെ മനോഭാവത്തിലും സ്വഭാവത്തിലും കഴിവിലുമെല്ലാം എത്രത്തോളം ‘അമേരിക്കത്വം’ ഉണ്ടെന്ന് ഈ റിയാലിറ്റി ഷോയിലൂടെ അളക്കാൻ സാധിക്കും.
അമേരിക്കൻ സംസ്കാരം, രീതികൾ, രാജ്യസ്നേഹം എന്നിവയോട് കുടിയേറ്റക്കാർക്ക് എത്രത്തോളം ഇഴുകിച്ചേരാൻ സാധിക്കുമെന്നുള്ള പരീക്ഷകളും ഇതിൽ ഉണ്ടാകും. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഈ പരിപാടിയെ അമേരിക്കൻ ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും ആഘോഷമാക്കി മാറ്റുമെന്നാണ് അറിയിക്കുന്നത്. ഓരോ ചാലഞ്ചുകളുടേയും രസകരമായ ദൃശ്യങ്ങൾ കോർത്തിണക്കി ഒരു മണിക്കൂർ ദൈർഘ്യമുള്ള റിയാലിറ്റി ഷോ ആയിട്ടാകും പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
നാസയുടെ റോക്കറ്റ് അസംബിൾ ചെയ്ത് വിക്ഷേപിക്കുന്നതുൾപ്പെടെയുള്ള കഠിനമായ പരീക്ഷകൾ ഇതിലുണ്ടാകും. നിക്ഷേപകർക്ക് മുന്നിലെ അഗ്നിപരീക്ഷയായ കാലിഫോർണിയയിലെ ഗോൾഡ് റഷ് കോൺടെസ്റ്റിലും ചിലപ്പോൾ മത്സരാർത്ഥികൾക്ക് പങ്കെടുക്കേണ്ടി വരും എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. മിസോറിക്കും കൻസാസിനും ഇടയിൽ കുതിരസവാരിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
മത്സരത്തിൽ വിജയിക്കുന്നവർക്ക് അമേരിക്കൻ പൗരത്വം മാത്രമല്ല സമ്മാനം. വിജയിക്കുന്ന വ്യക്തിക്ക് യുഎസ് ക്യാപിറ്റോളിന്റെ പടവുകളിൽ വെച്ച് പൗരത്വം സ്വീകരിക്കാം. കൂടാതെ ഒരു മില്യൺ അമേരിക്കൻ എയർലൈൻസ് പോയിന്റുകളും 1000 ഡോളറിൻ്റെ സ്റ്റാർബക്സ് ഗിഫ്റ്റ് കാർഡും ആജീവനാന്തം സൗജന്യ ഗ്യാസോലിനും സ്വന്തമാക്കാം. ‘സിറ്റിസൺ ഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന കപ്പലിൽ കുടിയേറ്റക്കാർ അമേരിക്കൻ മണ്ണിൽ ഇറങ്ങുന്നതോടെ മത്സരങ്ങൾ ആരംഭിക്കും.
story_highlight:അമേരിക്കൻ പൗരത്വത്തിന് വേണ്ടി മത്സരിക്കുന്ന റിയാലിറ്റി ഷോയുമായി ട്രംപ് ഭരണകൂടം .