തൃശ്ശൂർ◾: കേരളത്തിന്റെ വികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിൽ നടന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ സമയത്ത് പോലും കേന്ദ്രം കേരളത്തെ സഹായിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വികസനം ആഗ്രഹിക്കുന്നവരും തൽക്കാലം വികസനം വേണ്ടെന്ന് കരുതുന്നവരുമായി രണ്ട് തരത്തിലുള്ള ചിന്താഗതികൾ നിലവിലുണ്ട്. വികസനം വേണ്ടെന്നുള്ളവരുടെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ന് കാണുന്ന നേട്ടങ്ങൾ ഉണ്ടാകുമായിരുന്നില്ല. മഹാഭൂരിപക്ഷവും നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ്.
2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനം നിരവധി പ്രതിസന്ധികൾ നേരിട്ടു. 2018-ലെ പ്രളയം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു. അർഹമായ സഹായം ലഭിക്കേണ്ടിയിരുന്നിട്ടും കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. ഭരണഘടനയിൽ തന്നെ ഇത് വ്യവസ്ഥ ചെയ്യുന്നുണ്ട്.
2016-ൽ എൽഡിഎഫ് പ്രകടനപത്രിക അവതരിപ്പിച്ചത് വലിയ നിരാശകൾക്കിടയിൽ നിന്നാണ്. ജനങ്ങൾ അത് വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തു. “എൽഡിഎഫ് വരും, എല്ലാം ശരിയാകും” എന്നൊരു ചൊല്ല് തന്നെ ജനങ്ങൾ ഏറ്റെടുത്തു.
മറ്റ് രാജ്യങ്ങളുടെ സഹായം പോലും കേന്ദ്രം തടഞ്ഞു. ജീവനക്കാരുടെ സാലറി ചലഞ്ചിനെ കോൺഗ്രസ് നേതൃത്വം എതിർത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് സഹായം നൽകാത്ത കേന്ദ്രത്തിനൊപ്പം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ചേർന്ന് പ്രവർത്തിക്കുന്നത് കേരളം കണ്ടതാണ്.
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള അളവിൽ കേന്ദ്രം വലിയ വെട്ടിച്ചുരുക്കൽ വരുത്തി. കിഫ്ബിയിൽ നിന്ന് പണം എടുത്ത് നാട്ടിലെ പല വികസനപദ്ധതികളും നടപ്പിലാക്കി. എന്നാൽ കിഫ്ബി വായ്പയെ കടമെടുപ്പ് പരിധിയിൽ പെടുത്തി. ക്ഷേമപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കമ്പനിയുടെ കാര്യത്തിലും കേന്ദ്രം സമാനമായ നിലപാടാണ് സ്വീകരിച്ചത്.
കേരളം പ്രതിസന്ധികളെ അതിജീവിച്ചത് രാജ്യത്തെ അത്ഭുതപ്പെടുത്തി. എന്നാൽ കേരളത്തിന്റെ ഐക്യമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അസാധ്യമായ കാര്യങ്ങൾ പോലും ഒരുമയിലൂടെ സാധ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന് അർഹമായ സഹായം നൽകാതെ വിഷമം ഉണ്ടാക്കാൻ കേന്ദ്രം ശ്രമിച്ചു.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ ഉണ്ടായ വർധനവാണ് നമ്മെ പിടിച്ചുനിർത്തിയത്. ഓരോ വർഷവും തനത് വരുമാനം വർദ്ധിപ്പിച്ചു. എടുക്കുന്ന കടത്തെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ആഭ്യന്തര ഉത്പാദനം വർധിച്ചതിനാലാണ് കേന്ദ്രത്തിന്റെ തടസ്സങ്ങൾ ഉണ്ടായിട്ടും കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ സാധിച്ചത്.
മൊത്തം വരുമാനവും പ്രതിശീർഷ വരുമാനവും വർധിച്ചു. ഐ.ടി മേഖലയിൽ വലിയ പുരോഗതിയുണ്ടായി. കേരളം സ്റ്റാർട്ടപ്പുകളുടെ പറുദീസയായി മാറിയിരിക്കുന്നു. 2016-ൽ 3000 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 6100 ആയി ഉയർന്നു. 2026 ഓടെ 10,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും ഈ ഒൻപത് വർഷത്തിനിടെ സ്ഥാപിച്ചു. വാട്ടർ മെട്രോ രാജ്യത്ത് ആദ്യത്തേതാണ്, അത് കേരളമാണ് സ്ഥാപിച്ചത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : കേന്ദ്രസഹായം നൽകാത്തതിൽ കേന്ദ്രസർക്കാരിനെതിരെ പിണറായി വിജയൻ.