സംസ്ഥാനത്ത് പേവിഷബാധ മൂലമുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിൽ, കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ ഈ നിർദേശം നൽകിയിരിക്കുന്നത്. മരണമടഞ്ഞവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നോ, വാക്സിൻ പ്രോട്ടോക്കോൾ പാലിച്ചിരുന്നോ, വാക്സിന്റെ കാര്യക്ഷമത എത്രത്തോളമായിരുന്നു, വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ സംഘം അന്വേഷിക്കണം. ഭാവിയിൽ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
\n
കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്സിനുകൾക്ക് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) നിഷ്കർഷിക്കുന്ന ഗുണനിലവാരം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന വാക്സിന്റെ കാര്യക്ഷമതയും പരിശോധിക്കണം. പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും പ്രാപ്തമായ ഏജൻസിയെ കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഈ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
\n
സമീപകാല സംഭവങ്ങളെ കുറിച്ച് പഠിക്കാനും പ്രതിരോധ മാർഗങ്ങൾ നിർദേശിക്കാനുമായി എൻസിഡിസി നിർദേശിക്കുന്ന ഒരു ഏജൻസിയെ നിയോഗിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ജൂൺ 9 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡപ്യൂട്ടി ഡി.എം.ഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണമെന്നും നിർദേശമുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. നിർദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
Story Highlights: The Human Rights Commission has called for an investigation into the recent rabies deaths in Kerala.