കേന്ദ്ര സർക്കാർ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ വർദ്ധിപ്പിച്ചു. വൈദ്യുതി ഉൽപാദന, ജലസേചന ഡാമുകൾ ഉൾപ്പെടെയുള്ളവയ്ക്ക് സുരക്ഷ ശക്തമാക്കിയിരിക്കുന്നു. കൂടുതൽ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ ഈ അധിക സുരക്ഷ തുടരും. ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഈ നടപടി.
വൈദ്യുത ഉൽപാദന കേന്ദ്രങ്ങൾക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു.
പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകി. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനാണ് നിർദേശം. ഇതിന്റെ ഭാഗമായി 259 ഇടങ്ങളിൽ നാളെ മോക് ഡ്രിൽ നടത്തും. ജമ്മുകശ്മീരിലെ ബദ്ഗാമിൽ പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്നും രണ്ട് പിസ്റ്റിലുകളും, 15 തിരകളും, ഗ്രനേഡും കണ്ടെടുത്തു. ഭീകരക്രമണ കേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ SHO റിയാസ് അഹമ്മദിനെ അനന്ത്നാഗിലേക്ക് മാറ്റി. പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്എച്ച്ഒ ആയി നിയമിച്ചു. ജമ്മുകാശ്മീരിൽ പ്രാദേശിക ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.
Story Highlights: Security has been tightened for all dams in Kerala following the India-Pakistan conflict.