മുഹമ്മദ് ഷമിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ അമ്റോഹ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരന് വധഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദാണ് പൊലീസിൽ പരാതി നൽകിയത്. സഹോദരനെ അപായപ്പെടുത്തുമെന്നും ഒരു കോടി രൂപ നൽകിയില്ലെങ്കിൽ ഷമിയെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.
ഐപിഎൽ തിരക്കുകൾക്കിടയിൽ ഇമെയിൽ സന്ദേശങ്ങൾ തുറന്നുനോക്കാൻ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയിൽ തുറന്ന് പരിശോധിച്ചത്. രജ്പുത് സിന്ദാർ എന്ന പേരിലാണ് ഭീഷണി സന്ദേശം വന്നത്. പ്രഭാകർ എന്നൊരു പേരും ഇമെയിലിൽ പരാമർശിക്കുന്നുണ്ട്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ചയാണ് ഹസീബ് അഹമ്മദിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. ബെംഗളൂരുവിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. സന്ദേശം അയച്ചവരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.
Story Highlights: Cricketer Mohammed Shami’s brother receives death threat demanding one crore rupees.