കൊച്ചി◾: കൈക്കൂലി കേസിൽ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ. സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ദിവസം സ്വപ്നയെ സസ്പെൻഡ് ചെയ്തിരുന്നു. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്ക് നമ്പർ നൽകുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം.
കൊച്ചി മേയറുടെ നിർദേശപ്രകാരമായിരുന്നു സസ്പെൻഷൻ നടപടി. സ്വന്തം കാറിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്വപ്ന പിടിയിലായത്. തൃശ്ശൂർ സ്വദേശിനിയായ സ്വപ്ന കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകുന്ന വഴി പൊന്നുരുന്നിയിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. സ്വപ്നയുടെ കാറിൽ നിന്ന് 45,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
പരാതിക്കാരൻ ജനുവരിയിൽ നൽകിയ അപേക്ഷയിന്മേൽ സ്വപ്ന പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചിരുന്നു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ഫ്ലാറ്റുകൾക്ക് നമ്പർ ലഭിക്കാഞ്ഞതിനെ തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഒരു നിലയ്ക്ക് 5000 രൂപ വീതം 15,000 രൂപയാണ് സ്വപ്ന ആവശ്യപ്പെട്ടത്. കൊച്ചി കോർപ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിൽ സ്വപ്ന മുൻപന്തിയിലാണെന്ന് വിജിലൻസ് പറയുന്നു.
കൊച്ചിൻ കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ബിൽഡിംഗ് ഇൻസ്പെക്ടർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരാണെന്നും സ്വപ്ന ആരോപിച്ചു. കൈക്കൂലിക്ക് കൊച്ചിൻ കോർപ്പറേഷനിൽ പ്രത്യേക റേറ്റ് ഉണ്ടെന്നും ബിൽഡിംഗ് ഇൻസ്പെക്ടർമാർ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വയ്ക്കാറുണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
Story Highlights: Kochi Corporation building inspector Swapna was arrested for accepting a bribe of ₹15,000.