കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം യൂത്ത് കോൺഗ്രസിൽ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലവിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും തീരുമാനം എന്തായാലും വേഗത്തിൽ ഉണ്ടാകണമെന്നും സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. കെ.സുധാകരന്റെ എതിർപ്പ് കണക്കിലെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാൻ്റിന്റെ തീരുമാനം.
\
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തിയുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമാൻ്റ് കെ.സുധാകരനുമായി വീണ്ടും ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്തെത്തിയ കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
\
കെ. സുധാകരൻ ഇന്നലെ നടത്തിയ പ്രതികരണത്തിൽ ഹൈക്കമാൻ്റിന് കടുത്ത അതൃപ്തിയുണ്ട്. ഡൽഹിയിൽ സമവായത്തിലെത്തിയ ശേഷം കേരളത്തിലെത്തി നിലപാട് മാറ്റിയത് എന്തുകൊണ്ടെന്ന് ഹൈക്കമാൻഡ് പരിശോധിക്കും. കടുത്ത അമർഷത്തിലാണെങ്കിലും കെപിസിസി ആസ്ഥാനത്തെത്തിയ കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
\
എന്നാൽ, സുധാകരനെ നീക്കാനുള്ള തീരുമാനത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ടില്ല. കെ.സി. വേണുഗോപാൽ സുധാകരനുമായി ടെലിഫോണിൽ സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സുധാകരനെ വിശ്വാസത്തിലെടുത്ത ശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആൻ്റോ ആൻ്റണിക്കാണ് മുൻഗണന.
Story Highlights: Youth Congress expresses concern over the ongoing uncertainty surrounding the KPCC presidency.