വടകര◾: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വേർപാടിന് ഇന്ന് 13 വർഷം തികയുന്നു. 2012 മെയ് നാലിനാണ് രാഷ്ട്രീയ കേരളത്തെ നടുക്കിയ ആ ക്രൂരകൃത്യം അരങ്ങേറിയത്. ടി.പി. ചന്ദ്രശേഖരന്റെ ഓരോ ചരമവാർഷികവും അക്രമ രാഷ്ട്രീയത്തിന്റെ ഭീകരതയെ ഓർമ്മപ്പെടുത്തുന്നു. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി.പി.ചന്ദ്രശേഖരന്റെ വധം.
സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തെ എതിർത്തതിനെ തുടർന്നാണ് 2009-ൽ പാർട്ടി വിട്ടത്. റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കമിട്ടു. 2012 മെയ് നാലിന് വടകര വള്ളിക്കാട് ജങ്ഷനിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തി.
ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണം സിപിഐഎമ്മിന് നഷ്ടമായത് ചന്ദ്രശേഖരന്റെ പാർട്ടി വിട്ടതിനെ തുടർന്നായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ചന്ദ്രശേഖരൻ മത്സരിച്ച് 23,000 ത്തോളം വോട്ടുകൾ നേടിയതും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി. ഈ സംഭവവികാസങ്ങൾ കൊലപാതകത്തിനു പിന്നിൽ സി പി ഐ എം ആണെന്ന ആരോപണം ശക്തിപ്പെടുത്തി.
കൊലപാതകത്തിൽ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 12 പ്രതികൾ ശിക്ഷിക്കപ്പെട്ടു. ടി പിയുടെ ഭാര്യ കെ കെ രമ യു ഡി എഫ് പിന്തുണയോടെ ആർ എം പി സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് മത്സരിച്ചു ജയിച്ചു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി പി ഐ എം ആവർത്തിക്കുന്നു. ഈ വിജയത്തെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായാണ് രാഷ്ട്രീയ കേരളം വിലയിരുത്തിയത്.
Story Highlights: RMP leader TP Chandrasekharan’s martyrdom day is observed today, marking 13 years since his tragic demise.