മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിനിയായ മൂന്നര വയസ്സുകാരി നിദ ഫാത്തിമയ്ക്ക് പുതുജീവൻ നൽകി മമ്മൂട്ടിയുടെ കാരുണ്യം. ജന്മനാ ഹൃദ്രോഗബാധിതയായിരുന്ന നിദയുടെ ശസ്ത്രക്രിയ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യമായി നടത്തി. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗമായ ജസീർ ബാബുവാണ് കുഞ്ഞിന്റെ ദുരിതം മമ്മൂട്ടിയെ അറിയിച്ചത്.
\n
നിദയുടെ പിതാവ് അലി ഒരു ഡ്രൈവറാണ്. രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്ക് ശേഷവും നിദയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഹൃദയത്തിൽ ഒരു അറ മാത്രമുണ്ടായിരുന്ന നിദയ്ക്ക് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ശസ്ത്രക്രിയ നടത്താൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
\n
ഫെബ്രുവരി 27-ന് ജസീർ ബാബു മമ്മൂട്ടിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് നിദയുടെ ജീവിതം മാറ്റിമറിച്ചത്. ഒരു മണിക്കൂറിനുള്ളിൽ മമ്മൂട്ടിയിൽ നിന്ന് ഫോൺ വിളിയെത്തി. മമ്മൂട്ടിയുടെ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.
\n
ഏപ്രിൽ 7-ന് ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ.കെ കെ പ്രദീപ്, ഡോ. എസ് വെങ്കടേശ്വരൻ, ഡോ. സൗമ്യ മേരി തോമസ് എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു. മൂന്നാഴ്ച നീണ്ട ആശുപത്രിവാസത്തിനു ശേഷം നിദയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുണ്ടായതായി ഡോക്ടർമാർ അറിയിച്ചു.
\n
ഏഴ് ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കെയർ ആൻഡ് ഷെയറിന്റെ ‘വാത്സല്യം’ പദ്ധതിയിലൂടെ സൗജന്യമായി നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു. ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
\n
ആശുപത്രി വിട്ടു മടങ്ങുന്നതിന് മുമ്പ് മമ്മൂട്ടി അയച്ചു കൊടുത്ത സമ്മാനങ്ങൾ നിദയ്ക്ക് കൈമാറി. മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയണമെന്നും കൂടെ ഒരു ഫോട്ടോ എടുക്കണമെന്നുമാണ് നിദയുടെ പിതാവ് അലിയുടെ ആഗ്രഹം.
Story Highlights: Mammootty funds heart surgery for a 3.5-year-old girl in Kerala.