പഹൽഗാം ഭീകരാക്രമണത്തിൽ ഇന്റലിജൻസ് പരാജയവും സുരക്ഷാ വീഴ്ചയും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി നാളെ രാജ്യവ്യാപകമായി കോൺഗ്രസ് മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിസിസി, ഡിസിസി തലങ്ങളിലാണ് മെഴുകുതിരി മാർച്ച് നടക്കുക.
ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്നും കേന്ദ്രസർക്കാർ മറുപടി പറയണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ആക്രമണമുണ്ടായ ദിവസം തന്നെ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
പ്രദേശത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമെന്ന നിലയിൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിതെന്നും ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപി ഇതിനിടെ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: Congress demands strong response to Pahalgam terror attack and calls for all-party meeting chaired by PM.