യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മോചനം ലഭിച്ചു. തൃശ്ശൂർ കുറാഞ്ചേരി സ്വദേശിയായ ജെയിൻ കുര്യനാണ് മോസ്കോയിലെ ആശുപത്രിയിൽ നിന്ന് മോചിതനായത്. ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ജെയിൻ യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്ന ആശങ്കകൾക്കിടെയാണ് ജെയിൻ കുര്യന്റെ മോചനം. മോസ്കോയിലെ ആശുപത്രിയിൽ നിന്ന് പട്ടാള ക്യാമ്പിലേക്ക് മാറ്റാനും 30 ദിവസത്തെ ചികിത്സാ അവധിയിൽ പ്രവേശിക്കാനുമായിരുന്നു നേരത്തെ നിർദ്ദേശം. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ജെയിൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ജെയിൻ കുര്യനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പട്ടാള ക്യാമ്പിലെത്തിയാൽ തിരികെ വരാനാവില്ലെന്ന് ഭയന്ന് ജെയിൻ സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ജെയിനൊപ്പം റഷ്യയിലേക്ക് പോയ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു യുക്രൈൻ ഷെല്ലാക്രമണത്തിൽ മരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു.
ഏജന്റ് മുഖേനയാണ് ജെയിൻ അടക്കം മൂന്ന് പേർ റഷ്യയിലേക്ക് പോയത്. യുദ്ധത്തിൽ പരുക്കേറ്റ ജെയിൻ കുര്യനെ വിട്ടയച്ചത് വലിയ ആശ്വാസമാണ് കുടുംബത്തിന് നൽകിയിരിക്കുന്നത്. ഡൽഹിയിലെത്തിയ ജെയിൻ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച വിവരം പുറത്തുവന്നിട്ടുണ്ട്.
Story Highlights: Malayali youth Jain Kuryan, injured in Ukraine war while serving in Russian mercenary army, released from Moscow hospital.