ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗ ചികിത്സയ്ക്കായി എത്തിയ 55 വയസ്സുകാരൻ മരണമടഞ്ഞു. കുതിരപന്തി സ്വദേശിയായ വിശ്വനാഥനാണ് മരിച്ചത്.
ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. ഒരു മാസം മുൻപാണ് വിശ്വനാഥനെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർമാർ നിർദ്ദേശിച്ച എല്ലാ പരിശോധനകളും പൂർത്തിയാക്കി ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയ്ക്കിടയിൽ വിശ്വനാഥന്റെ വിരൽ മുറിച്ചുമാറ്റിയിരുന്നു.
രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിയിലെ തന്നെ മുറിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇന്ന് ഉച്ചയോടെ ആശുപത്രി മുറിയിൽ വിശ്വനാഥൻ കുഴഞ്ഞുവീണു.
അടിയന്തരമായി കാഷ്വാലിറ്റിയിൽ എത്തിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
Story Highlights: 55-year-old man dies during diabetes treatment at private hospital in Alappuzha, family alleges medical negligence