വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 317 ആയി ഉയർന്നു. ഇന്ന് നിലമ്പൂരിൽ നിന്ന് 5 മൃതദേഹങ്ങളും മേപ്പാടിയിൽ നിന്ന് 6 മൃതദേഹങ്ങളും കണ്ടെത്തി. ദുരന്തത്തിൽപ്പെട്ടവരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവർത്തകർ കണ്ടെടുത്തു. 133 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിൽ സംസ്കാര സൗകര്യം ഒരുക്കി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ 74 തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്കാരം എന്നിവയ്ക്ക് രജിസ്ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി നിയമിച്ചു.
ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല ആറൻമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, ചൂരൽമല പുഴയുടെ അടിവാരം എന്നിവയാണ് സോണുകൾ. സൈന്യം ചൂരൽമലയിൽ എത്തിച്ചേർന്നിട്ടുണ്ട്. ആശുപത്രികളിലെ ലിസ്റ്റുകളിൽ പ്രിയപ്പെട്ടവരുടെ പേരുണ്ടോ എന്ന് തിരയുന്ന വയനാട്ടിലെ ജനങ്ങളുടെ വേദന കേരളത്തിന്റെയാകെ നോവായി മാറിയിരിക്കുകയാണ്.
Story Highlights: 317 people died in Wayanad landslide disaster, rescue operations continue
Image Credit: twentyfournews